കൊച്ചി : പ്രളയ സെസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം ചേംബർ ഒഫ് കൊമേഴ്സ് സമർപ്പിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു നിർദ്ദേശിച്ചു. ഇത്തരത്തിൽ ലെവിയും സെസും ഏർപ്പെടുത്താനുള്ള അധികാരം ഭരണഘടന പ്രകാരം പാർലമെന്റിൽ നിക്ഷിപ്തമാണെന്നും സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ആ നിലയ്ക്ക് ധനകാര്യ ബില്ലിലെ ക്ളോസ് 14 റദ്ദാക്കണമെന്നും പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.