1
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന്‌ രണ്ടു മാസം കഴിഞ്ഞിട്ടും കളക്ടറേറ്റിൽ സ്ഥാപിച്ച മാതൃക പോളിംഗ് സ്റ്റേഷൻ അധികൃതർ പൊളിച്ചു മാറ്റാത്ത നിലയിൽ

#കലക്ടറേറ്റിൽ സ്ഥാപിച്ച മാതൃക പോളിംഗ് സ്റ്റേഷൻ പൊളിച്ചുനീക്കുന്നില്ല
തൃക്കാക്കര : ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന്‌ രണ്ടു മാസം കഴിഞ്ഞിട്ടും കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുളള മാതൃക പോളിംഗ് ബൂത്ത് ഇതുവരെ നീക്കം ചെയ്യാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന കളക്ടറേറ്റിന്റെ താഴത്തെ നിലയിലാണ് മാതൃക പോളിംഗ് സ്റ്റേഷൻ. മാർച്ച് 16 നായിരുന്നു മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുളളയുടെ നേതൃത്വത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുതായി ഉപയോഗിക്കുന്ന വിവിപാറ്റ് യന്ത്രം ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക പോളിംഗ് ബൂത്ത് സ്ഥാപിച്ചിരുന്നത്. വിവിപാറ്റ് എന്താണെന്നും വോട്ട് ചെയ്യുമ്പോൾ അത് ഏത് രീതിയിൽ പ്രവർത്തിക്കുന്നു എന്നു മുള്ള കാര്യങ്ങൾ ഇവിടെ നിന്നും അറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇവിടെ ക്രമീകരിച്ചിരുന്നത്. കേരളത്തനിമയിൽ കായലിന്റെയും ചീനവലയുടെയും എല്ലാം ചിത്രങ്ങളടങ്ങിയ ചുമരുകളാണ് പോളിംഗ് ബൂത്തിന്റേത്. ഹരിത പെരുമാറ്റ ചട്ടപ്രകാരം മരം, ഓല എന്നിവ ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. ഒരു പോളിംഗ് ബൂത്തിൽ ഉണ്ടായിരിക്കേണ്ട ഉപകരണങ്ങളും ഉദ്യോഗസ്ഥരുമെല്ലാം ഇവിടെയും ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉദ്യോഗസ്ഥരും സ്ഥലം വിട്ടു. ഭീഷണി നേരിടുന്ന കളക്ടറേറ്റിൽ മാതൃക പോളിംഗ് സ്റ്റേഷൻ സുരക്ഷക്ക് തന്നെ ഭീഷണിയാണ്.