keezhmad
കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിനെ നാട്ടുകാർ ഉപരോധിക്കുന്നു

# ലൈസൻസ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭാര്യയുടെ പേരിൽ

# എതിർത്ത് വോട്ട് ചെയ്ത് സി.പി.എം അംഗമായ വാർഡ് മെമ്പർ

# നാട്ടുകാർ പ്രസിഡന്റിനെ ഉപരോധിച്ചിട്ടും ഭരണസമിതി നേതാവിന് വഴങ്ങി

ആലുവ: ജനങ്ങളുടെ പ്രതിഷേധം കാര്യമാക്കാതെ ജനവാസ മേഖലയിൽ ഗുരുതര മലനീകരണത്തിന് വഴിവെയ്ക്കുന്ന കാർബൺ കമ്പനിക്ക് കീഴ്മാട് ഗ്രാമപഞ്ചായത്ത് യോഗം ലൈസൻസ് നൽകാൻ തീരുമാനിച്ചു. പ്രതിഷേധവുമായി വന്ന നാട്ടുകാരെ കബളിപ്പിച്ചാണ് വോട്ടിംഗിലൂടെ ലൈസൻസ് നൽകാൻ തീരുമാനിച്ചത്.

നിയമോപദേശം തേടണമെന്ന സെക്രട്ടറിയുടെ നിർദ്ദേശവും ലൈസൻസ് നൽകരുതെന്ന സി.പി.എം പ്രതിനിധിയായ വാർഡ് മെമ്പറുടെ അഭിപ്രായവും ഭരണസമിതി അവഗണിച്ചു. 19 അംഗ ഭരണസമിതിയിൽ 11 പേരാണ് ഭരണപക്ഷത്തുള്ളത്. വാർഡ് മെമ്പർ കാജ മൂസയും യു.ഡി.എഫിലെ ഏഴ് അംഗങ്ങളും ഒരു എസ്.ഡി.പി.ഐ അംഗവും ലൈസൻസ് നൽകുന്നതിനെ എതിർത്തു. ഇതിന് പുറമെയാണ് സെക്രട്ടറി നിയമോപദേശം തേടണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചാണ് ഭരണസമിതി പാർട്ടി നേതാവിനോട് കൂറുകാണിച്ചത്.

19 -ാം വാർഡിൽ എടയപ്പുറം മന്ത്യാപ്പാറയിലാണ് വിവാദ കാർബൺ കമ്പനി ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയതാണ്. വീണ്ടും കമ്പനി ആരംഭിക്കാൻ നീക്കം ആരംഭിച്ചതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. വാർഡ് മെമ്പറായ കാജ മൂസയും ശക്തമായി രംഗത്തുണ്ടായിരുന്നു. പാർലമെന്ററി പാർട്ടിയിൽ എതിർപ്പ് രേഖപ്പെടുത്തിയതിന് പുറമെ പാർട്ടി ഏരിയാ കമ്മിറ്റിക്ക് പരാതിയും നൽകി. നാട്ടുകാർ പഞ്ചായത്തിന് ഭീമഹർജി നൽകിയതിനെ തുടർന്ന് ഇരുവിഭാഗത്തെയും ചർച്ചയ്ക്കും വിളിപ്പിച്ചിരുന്നു.

ലൈസൻസ് നൽകില്ലെന്ന ഉറപ്പാണ് പ്രസിഡന്റ് കെ.എ. രമേശ് നാട്ടുകാർക്ക് നൽകിയിരുന്നത്. എന്നാൽ ഇന്നലത്തെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതോടെ വീണ്ടും പ്രതിഷേധമുണ്ടായി. രാവിലെ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. പൊലീസ് എത്തിയാണ് സമരക്കാരെ നീക്കിയത്. പിന്നാലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലേക്കും സമരക്കാർ ഇരച്ചുകയറി പ്രതിഷേധിച്ചു. ലൈസൻസ് നൽകില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പിന്തരിപ്പിച്ച ശേഷമാണ് വിരുദ്ധ തീരുമാനം എടുത്തത്.

സി.എസ്. സജീവൻ, സി.എസ്. അജിതൻ, എം.എം. അബ്ദുൽ അസീസ്, പി.എച്ച്. സിദ്ദിഖ്, എം.എ.കെ. ഗഫൂർ, റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.