nalambalam
മാമലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : എറണാകുളം ജില്ലയിലെ ദാശരഥീ ക്ഷേത്രങ്ങളിൽ നാലമ്പല തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് . മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയെ കോർത്തിണക്കിയാണ് നാലമ്പല തീർത്ഥാടനം.

കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കു മുമ്പ് നാലിടത്തും ദർശനം നടത്തുന്നതാണ് പാരമ്പര്യ രീതി. ഇപ്പോൾ വൈകീട്ടും ഭക്തർ നാലമ്പലം തൊഴാനെത്തുന്നുണ്ട്.

ആരംഭം മാമലശേരിയിൽ

ഭക്തർ ആദ്യമെത്തുന്നത് മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ്. രാമമംഗലത്തു നിന്നു നാലു കിലോമീറ്റർ തെക്ക് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ക്ഷേത്രം. ദർശനത്തിനെത്തുന്നവർക്കെല്ലാം കഞ്ഞി നൽകും.

# ഭരതസ്വാമി ക്ഷേത്രത്തിൽ

പാമ്പാക്കുട പഞ്ചായത്തിലെ മേമുറിയിലാണ് ക്ഷേത്രം. മാമലശേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരമുണ്ട്.

#മുളക്കുളത്ത് ലക്ഷ്മണ സന്നിധി

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം. ഉച്ചയ്ക്ക് ഒരുമണി വരെ ദർശന സൗകര്യം. വൈകീട്ട് അഞ്ചു മുതൽ എട്ടു വരെ. കഞ്ഞി വിതരണം ചെയ്യും.

ശത്രുഘ്‌നസ്വാമി ക്ഷേത്രം

ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ഒരു കിലോമീറ്റർ കിഴക്ക് മാറിയാണ് ശത്രുഘ്‌നസ്വാമി ക്ഷേത്രം. ശ്രീരാമ സ്വാമി ക്ഷേത്രത്തിൽനിന്നു പോയ അവസാന ബാച്ചും മടങ്ങിയെത്തിയതിന് ശേഷമേ ഉച്ചയ്ക്ക് നട അടയ്ക്കൂ.

ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിൽ തൊഴുത് തിരിച്ച് ശ്രീരാമസ്വാമിക്ഷേത്രത്തിൽ എത്തിയാലെ ദർശനം പൂർത്തിയാകൂ.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡി​ൽ നിന്ന് രാവിലെ 6.30 ന് സർവീസുണ്ട്.

ക്ഷേത്രങ്ങളുടെ പ്രത്യേക യാത്രാ സൗകര്യവും ലഭ്യമാണ്. ഫോൺ 9605366121.