വൈപ്പിൻ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഹാളിൽ യൂണിയൻ ഭാരവാഹികളുടെയും ശാഖാ ഭാരവാഹികളുടെയും യോഗം പരിപാടികളുടെ രൂപരേഖ തയ്യാറാക്കി. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഒരുക്കങ്ങളുടെ രൂപരേഖ സെക്രട്ടറി പി.ഡി. ശ്യാംദാസ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ നന്ദി പറഞ്ഞു.
സെപ്തംബർ 3ന് രാവിലെ 10ന് യൂണിയൻ ആസ്ഥാനത്തും വൈപ്പിൻകരയിലെ എല്ലാ ശാഖാ കേന്ദ്രങ്ങളിലും കുടുംബയൂണിറ്റ്, സ്വയം സഹായസംഘങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളിലും പീതപതാക ഉയർത്തും. എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ഉൾപ്പെടെ രണ്ടായിരത്തോളം പതാകകൾ ഒരേ സമയം ഉയർത്തും.
ഗുരുദേവജയന്തി ദിവസമായ സെപ്തംബർ 13ന് രാവിലെ 9ന് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മുനമ്പത്തു നിന്ന് ഇരുചക്ര വാഹനറാലി ആരംഭിക്കും. മുനമ്പം ഗുരുദേവ ക്ഷേത്രസന്നിധിയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന റാലി വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിലൂടെ തെക്കേ അറ്റമായ ഫോർട്ട് വൈപ്പിൻ വരെയെത്തി തിരിച്ച് പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ സമാപിക്കും.
വൈകിട്ട് 3ന് പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര 5ന് ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ സമാപിക്കും. യൂണിയനിലെ 22 ശാഖകളിലെയും അംഗങ്ങൾ പങ്കെടുക്കും. തെയ്യം, കാവടിയാട്ടം, കരകാട്ടം, പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ഡോൾ, തകിൽമേളം തുടങ്ങിയ വിവിധ മേളങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. ഘോഷയാത്ര സമാപനത്തിനു ശേഷം കൂടുന്ന ജയന്തി സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, എസ്. ശർമ്മ എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസോടെ വിജയിച്ചവർക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച റാങ്ക് നേടിയവർക്കും അവാർഡുകൾ സമ്മാനിക്കും.