ആലുവ: കൊച്ചിയിൽ സി.പി.ഐ നേതാക്കൾക്കെതിരെയുള്ള പൊലീസ് ലാത്തിച്ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൊലീസ് നിലപാടാണോ എം.എൽ.എയെയാണോ വിശ്വസിക്കുന്നതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
പൊലീസ് അതിക്രമം കാട്ടിയിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ അഭിപ്രായം പറയാം. പൊലീസ് വീട്ടിൽ കയറിയല്ല മർദ്ദിച്ചതെന്ന പരാമർശം വളച്ചൊടിക്കേണ്ട ആവശ്യമില്ല. കൊച്ചിയിലെ മാർച്ച് താനുമായി ആലോചിച്ചല്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് ചില നടപടി ക്രമങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തനിക്കെതിരെ ആലപ്പുഴയിൽ പോസ്റ്റർ പതിപ്പിച്ചത് മറ്റ് പാർട്ടിക്കാരായിരിക്കാം. അഭിപ്രായമുള്ളവർ അത് പാർട്ടി ജനറൽ ബോഡിയിലാണ് പറയേണ്ടതെന്നും പോസ്റ്ററിലൂടെയല്ലെന്നും കാനം പറഞ്ഞു.