പെരുമ്പാവൂർ: നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെ പതിനെട്ട് ദേശങ്ങളിലായി 15,000 ഏക്കർ ഭൂമിക്ക് ഉടയോനായിരുന്ന നാഗഞ്ചേരി വാസുദേവൻ നമ്പൂതിരി നൂറ്രിയേഴാം വയസിൽ നിര്യാതനായി.
അല്ലപ്രയിലെ മൂന്ന് സെന്റിലെ വീട്ടിൽ ദാരിദ്ര്യത്തിലും അനാരോഗ്യത്തിലുമായിരുന്നു ഈ മുൻ നാടുവാഴി പതിറ്റാണ്ടുകളായി കഴിഞ്ഞുകൂടിയത്. ദീർഘനാളായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ അല്ലപ്രയിലെ വീട്ടിൽ വച്ചാണ് അന്ത്യം.
വേദങ്ങൾ, അഷ്ടാംഗഹൃദയം, ജ്യോതിശാസ്ത്രം എന്നിവയിലും പണ്ഡിതനായിരുന്നു വാസുദേവൻ നമ്പൂതിരി. ഭാര്യ പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: നീലകണ്ഠൻ നമ്പൂതിരി (ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തി), ഗണപതി നമ്പൂതിരി (വെങ്ങോല തേക്കുമല ക്ഷേത്രം മേൽശാന്തി), പത്മജ, വനജ. മരുമക്കൾ : രമാദേവി, പരേതനായ ശംഭു നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി.
മറഞ്ഞത് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ ഉടമ
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മന്ദിരം നിലനിൽക്കുന്ന ഭൂമിയുടെ ഉടമയായിരുന്നു നാഗഞ്ചേരി വാസുദേവൻ നമ്പൂതിരി. പിന്നീട് ഇത് സംസ്ഥാന സർക്കാരിൽ വന്നുചേർന്നു. ഈ സ്ഥലത്തിന്റെ അവകാശം ചോദിച്ച് മുഖ്യമന്ത്രി നായനാരെ സമീപിച്ചപ്പോൾ വാഗ്ദാനം ചെയ്ത തിരുവനന്തപുരം നഗരത്തിലെ മൂന്ന് സെന്റ് ഭൂമിയും അദ്ദേഹം നിരസിച്ചു.
1957ലെ ഒഴിപ്പിക്കൽ നിയമവും 1969 ലെ കേരള ഭൂപരിഷ്‌കരണ നിയമവും തുടർന്നുണ്ടായ വ്യവഹാരങ്ങളുമാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂസ്വത്തിനുടമയായിരുന്ന വാസുദേവൻ നമ്പൂതിരിയെ ഇല്ലായ്മയിലേക്ക് തള്ളിയിട്ടത്. ഭാര്യയുടെ ചികിത്സയ്ക്കായി പലരിൽ നിന്നു കടംവാങ്ങിയ പണം കഷ്ടപ്പെട്ടാണ് തിരികെ നൽകിയത്.
പതിന്നാല് ക്ഷേത്രങ്ങളും എട്ടു മനകളും വാസുദേവൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. പെരുമ്പാവൂരിലെ 60 ഏക്കർ ഇരിങ്ങോൾ വനമുൾപ്പെടുന്ന ക്ഷേത്രവും 200 കിലോ തിരുവാഭരണങ്ങളും കാർത്ത്യായനി എന്ന പിടിയാനയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന് അദ്ദേഹം ദാനം ചെയ്തതാണ്.
മാർത്താണ്ഡവർമ്മയുടെ കാലം മുതൽ തിരുവിതാംകൂർ കൊട്ടാരത്തിലെ മുറജപത്തിന് കാർമ്മികത്വം വഹിച്ചിരുന്നതും നാഗഞ്ചേരി മനക്കാരാണ്. അങ്ങനെയാണ് വലിയ സമ്പത്തിന് മന ഉടമയായത്.
രോഗവും ദുരിതവും ഒടുവിൽ പേവിഷബാധയും വാസുദേവൻ നമ്പൂതിരിയെ പൂർണമായും തളർത്തി.
ചരിത്രത്തിന്റെ ഏടുകളിൽ ഒന്നായ 700 വർഷം പഴക്കമുള്ള നാഗഞ്ചേരിമന 1980ൽ പെരുമ്പാവൂർ നഗരസഭയ്ക്ക്
നിസാരവിലയ്ക്ക് തീറെഴുതി. പെൺമക്കളുടെ വിവാഹശേഷം അവശേഷിച്ച തുച്ഛമായ തുക ഉപയോഗിച്ച് പെരുമ്പാവൂർ അല്ലപ്രയിൽ മൂന്ന് സെന്റിൽ തേക്കാത്ത ഷീറ്റ്‌മേഞ്ഞ കൂരയിലേക്ക് രോഗവുമായി അദ്ദേഹം കുടിയേറി.
കാലവും സമൂഹവും ഏറെ അവഗണിച്ച പഴയ നാടുവാഴിയുടെ അവസാന വർഷങ്ങൾ ഏറെ ദയനീയമായിരുന്നു. ഊരാഴ്മ അവകാശമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് നൽകാറുള്ള കാണിക്കകൾ പോലും അവസാന കാലത്ത് മുടങ്ങി. ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് വാസുദേവൻ നമ്പൂതിരിയെ മാറ്റി താമസിപ്പിക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നാഗഞ്ചേരി യുഗം അവസാനിക്കുന്നത്, മൂന്ന് സെന്റിലെ ചിതയിൽ.