കൊച്ചി: സി.പി.ഐ നേതാക്കളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് എറണാകുളം ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു. രാവിലെ മുതൽ തന്നെ വിമർശനം ശക്തമായതോടെ കാനം യോഗത്തിൽ പങ്കെടുത്തില്ല. അതും നിശിതമായ വിമർശനത്തിനിടയാക്കി.
പൊലീസിന്റെ അടിവാങ്ങിയത് പ്രതിഷേധിക്കാൻ പോയിട്ടാണെന്ന അനവസരത്തിലുള്ള കാനത്തിന്റെ പ്രതികരണം പാർട്ടിയെ തള്ളിപ്പറഞ്ഞതിന് തുല്യമാണെന്ന് അംഗങ്ങൾ ആക്ഷേപമുന്നയിച്ചു. പൊലീസ് മർദ്ദനമേറ്റ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് സെക്രട്ടറിയുടെ നിലപാട് മൂലം പുറത്തിറങ്ങാൻ പറ്റാതായി. സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു സുപ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ സ്ഥലത്തുണ്ടായിട്ടും പങ്കെടുക്കാതെ സെക്രട്ടറി മുങ്ങിയത് അണികൾക്ക് എന്തു സന്ദേശമാണ് നൽകുന്നതെന്നും ചോദ്യം ഉയർന്നു. കാനത്തിന്റെ നിലപാട് ഇതാണെങ്കിൽ സമരത്തിന് പ്രവർത്തകരെ കിട്ടില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു.
17 എക്സിക്യൂട്ടിവ് അംഗങ്ങളെയും 14 മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരെയുമാണ് യോഗത്തിന് വിളിച്ചത്. ഒരു മണ്ഡലം കമ്മിറ്റി ഒഴികെയുള്ളവർ കാനത്തെ രൂക്ഷമായി വിമർശിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളിൽ ഭൂരിഭാഗവും എതിരായിരുന്നു.
പാർട്ടിയെ അറിയിച്ചിട്ടാണ് കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പാർട്ടി തീരുമാനത്തെയാണ് കാനം തള്ളിപ്പറഞ്ഞതെന്നും വിമർശനം ഉയർന്നു.
മാർച്ചിലേക്ക് നയിച്ച സാഹചര്യങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിശദീകരിച്ച ജില്ലാ സെക്രട്ടറി പി. രാജു കാനത്തെ പേര് പറത്ത് വിമർശിച്ചില്ല. തിങ്കളാഴ്ച കളക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ സർക്കാരിന്റെ നടപടി അറിഞ്ഞിട്ട് തുടർസമരം തീരുമാനിക്കും. ഇതിനായി ആഗസ്റ്റ് രണ്ടിന് വീണ്ടും ജില്ലാ എക്സിക്യൂട്ടിവ് ചേരും.
ഞാറയ്ക്കലിൽ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞതിനെക്കുറിച്ച് മറ്റൊരു ഏജൻസി അന്വേഷിക്കണം. ഇതിനായി ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും തീരുമാനമായി.
അവസാന നിമിഷം പിന്മാറി
കഴിഞ്ഞ 24ന് നടക്കേണ്ട എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഇന്നലെ ചേർന്നത്. 23ന് ലാത്തിച്ചാർജ് നടന്നതിനാൽ മാറ്റിവച്ചതാണ്. ലാത്തിച്ചാർജിന്റെ പശ്ചാത്തലത്തിൽ കാനം യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ പ്രതീക്ഷ. വിമർശനം ശക്തമായതോടെ യോഗത്തിൽ പങ്കെടുക്കാതെ കാനം കണ്ണൂരിലേക്ക് പോയി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മുൻ എം.എൽ.എ എ.കെ. ചന്ദ്രനാണ് യോഗത്തിലെത്തിയത്.