uparodham
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷും ഭരണസമിതി അംഗങ്ങളും മൈനർ ഇറിഗേഷൻ അസി. എൻജിനയറുടെ ഓഫീസ് ഉപരോധിക്കുന്നു

ആലുവ: 18 ലക്ഷം രൂപ ചെലവഴിച്ച് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിനായി വാങ്ങിയ മോട്ടോർ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നതായും ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നും ആവശ്യപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷും ഭരണ - പ്രതിപക്ഷ അംഗങ്ങളും മൈനർ ഇറിഗേഷൻ അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.

പഞ്ചായത്തിലെ എടയാറ്റുചാൽ പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി വാങ്ങിയ മോട്ടറാണ് മാസങ്ങളായിട്ടും പ്രവർത്തന സജ്ജമാക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ജെ. ടൈറ്റസ്, ടി.എസ്. വിജയലക്ഷ്മി, വാർഡ് മെമ്പർ സുഹൈബ്, പാടശേഖരസമിതി ഭാരവാഹികളായ അബൂബക്കർ, ഇസ്മയിൽ, ഷംസുദ്ദീൻ, കെ.എൻ. കൃഷ്ണൻകുട്ടി എന്നിവരും സമരത്തിന് നേതൃത്വം നൽകി.