കൊച്ചി: രാജ്യത്തെ വിവിധ ഇന്റലിജൻസ് ഏജൻസികൾ തമ്മിൽ ഏകോപനമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി ഹോർമിസ് തരകൻ പറഞ്ഞു. കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് സിറ്റി പൊലീസ് നടത്തിയ 'ദേശീയ സുരക്ഷാ തന്ത്രങ്ങൾ' സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ഐ.ബി, ഡി.ആർ.ഐ, മിലിട്ടറി ഇന്റലിജൻസ് തുടങ്ങി ഓരോ ഘടകങ്ങൾക്കും ഇന്റലിജൻസ് വിഭാഗങ്ങളുണ്ട്. സംസ്ഥാനങ്ങളിലാകട്ടെ ജില്ലാ സ്‌പെഷൽ ബ്രാഞ്ചും സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചും വെവ്വേറെയുണ്ട്. എന്നാൽ, വിവരങ്ങൾ പരസ്പരം കൈമാറുന്നതിൽ ഇവർ കാര്യമായ താത്പര്യം കാണിക്കാറില്ല. ദേശരക്ഷയെന്നാൽ നാട്ടിൽ എല്ലാവർക്കും സുരക്ഷിതത്വം തോന്നുകയെന്നതാണ്. ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള കോടിക്കണക്കിന് ആളുകൾ അരക്ഷിതരാണെന്ന തോന്നലുമായി ജീവിക്കുമ്പോൾ രാജ്യം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ല. നമ്മൾ ലോകശക്തിയാകുന്നതു കൊണ്ട് ഈ നാട്ടിലെ പട്ടിണിപ്പാവത്തിന് എന്തു പ്രയോജനമാണു ലഭിക്കുന്നതെന്നും ഹോർമിസ് തരകൻ പറഞ്ഞു.ദക്ഷിണ നാവിക കമാൻഡന്റ് മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ്‌ല, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കഴലി എന്നിവർ പ്രസംഗിച്ചു.