കൊച്ചി: തൊഴിൽ സംരക്ഷണ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ആഗസ്റ്റ് രണ്ടിന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ആഗസ്റ്റ് ഒമ്പതിന് എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഐ.എൻ.ടി.യു.സി മാർച്ചും ധർണയും സംഘടിപ്പിക്കും.

ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയിലേക്കും 14 ജില്ലാ കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിനായി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ജോസഫ് കൺവീനറും സംസ്ഥാന ഭാരവാഹികളായ കെ.സുരേന്ദ്രൻ, തമ്പി കണ്ണാട്, കൃഷ്ണവേണി ശർമ, അഡ്വ.സിറിയക് തോമസ് എന്നിവർ അംഗങ്ങളുമായ ക്രെഡൻഷ്യൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജില്ലാ കമ്മിറ്റികളിലേക്കും മാർച്ചിൽ സംസ്ഥാന കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. സംഘടനയിലെ വിമത സ്വരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കോലാഹലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകട്ടെയെന്നും ചന്ദ്രശേഖരൻ പറഞ്ഞു.