കോലഞ്ചേരി: ചില്ലറ ക്ഷാമം സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. ഉപഭോക്താക്കളും യാത്രക്കാരുമെല്ലാം ചില്ലറ ലഭിക്കാത്തതുമൂലം വിഷമിക്കുകയാണ്. അഞ്ചു രൂപയിൽ താഴെയുള്ള ബാക്കി തുകയ്ക്ക് മിഠായിയും മറ്റുമാണ് കടകളിൽ നൽകുന്നത്. ബസ് യാത്രികർക്ക് അതുപോലും ലഭിക്കുന്നില്ല. ഇതിന്റെ പേരിൽ വാക്കുതർക്കങ്ങളും പതിവാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ ചില്ലറ തർക്കം കൈയ്യേറ്റങ്ങളിൽ എത്തിയ ചരിത്രങ്ങളുമുണ്ട്. ഡ്യൂട്ടിക്കെത്തുന്ന കണ്ടക്ടർക്ക് ഒഴിഞ്ഞ ബാഗും ടിക്കറ്റ് യന്ത്രവുമാണ് നല്കുന്നത്. ചില്ലറ കരുതാമെന്നു വച്ചാൽ ചെക്കർമാരുടെ പരിശോധനയിൽ കൂടുതൽ പണം കണ്ടെത്തിയാൽ പുലിവാലാകും.
നേരത്തെ ബാങ്കുകളിൽ നിന്നും ചില്ലറ ലഭിക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. പിന്നീടാശ്രയം ഭണ്ഡാരത്തിൽ വീഴുന്ന ചില്ലറ തുട്ടുകളാണ്. അവിടെയും അഞ്ചിൽ താഴെയുള്ള നാണയം വീണു കിട്ടുന്നതും കുറവാണ്.
#ചില്ലറയിലും വ്യാജൻ
വ്യാജ ചില്ലറ തുട്ടുകളും പ്രചരണമാണ് മറ്റൊരു ഭീഷണി. രാത്രി യാത്രികരെ കബളിപ്പിക്കാൻ ചില ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പുതിയ തന്ത്രം പയറ്റുന്നത്. ബാക്കി നൽകുന്ന ചില്ലറ തുട്ടുകൾക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡൽ സെൽ ബാറ്ററികളും കൈമാറുന്നു. പുതിയ മോഡൽ അഞ്ചു രൂപ നാണയ തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകൾക്ക്. രൂപവും കനവും മാറ്റമില്ല. ചൈനീസ് ഉല്പന്നങ്ങൾ വില്ക്കുന്ന കടകളിൽ നിന്നുമാണ് ഇത് സംഘടിപ്പിക്കുന്നത്. പലപ്പോഴും നഷ്ടപ്പെടുന്നത് ചെറിയ തുകകൾ ആയതിനാൽ പരാതിപെടാനും ആരും മെനക്കെടാറില്ല.