
കൊച്ചി: സംസ്ഥാനത്ത് പൊലീസ് രാജാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.വി. തോമസ്. പൊലീസ് സർക്കാറിന്റെ കൈവിട്ടു പോയി. പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തെ എം.എൽ.എയെ പോലും പൊലീസ് തല്ലിച്ചതയ്ക്കുന്നു. യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരത്തിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് പൊലീസാണ്. ആർക്കും അങ്ങോട്ടേക്ക് അടുക്കാൻ പറ്റാത്ത രീതിയിൽ പൊലീസ് അവിടം കൈയടക്കി. ശബരിമല വിഷയത്തിലും പൊലീസ് നടപടി ക്രമങ്ങൾ ഇതുതന്നെയായിരുന്നു. കെ.വി. തോമസ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു
സർക്കാരിൽ വിശ്വാസം കുറഞ്ഞു
പ്രളയം വന്ന് ഒരു വർഷം കഴിഞ്ഞിട്ടും തൃപ്തികരമായ സഹായം ദുരിത ബാധിതർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിദേശങ്ങളിൽ നിന്നടക്കം ലഭിച്ച ധനസഹായത്തെ കുറിച്ചോ അവ ഉപയോഗിച്ചതിനെ കുറിച്ചോ ജനങ്ങളെ അറിയിക്കാനോ പുറത്തു പറയാനോ തയാറാകുന്നില്ല. ഓഖി ദുരന്തബാധിതരുടെയും സ്ഥിതി വിഭിന്നമല്ല. സർക്കാരിന്റെ വാഗ്ദാനങ്ങൾ പലതും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുന്നതാണ് മൂന്നു വർഷം പിന്നിടുമ്പോൾ കാണാൻ കഴിയുന്നത്. അധികാര ദുർവിനിയോഗത്തിലൂടെ സംവിധാനങ്ങളെ തകർക്കുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പരീക്ഷയെഴുതാതെ ആളുകൾ പാസായി ജോലി നേടുക എന്നത് രാജ്യത്ത് നിലനിൽക്കുന്ന ഗുണകരമായ സംവിധാനത്തെ തകർക്കുന്നതാണ്. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയും ഉണ്ടാകുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അരക്ഷിതാവസ്ഥ
വിദ്യാഭ്യാസ മേഖലയിൽ സമാധാനം വേണം. വിദ്യാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനം നിയമ വിധേയമാണ്. എന്നാൽ സി.പി.എം. ഭരിക്കുമ്പോൾ മറ്റു വിദ്യാർത്ഥി സംഘടനകളെ കാമ്പസിൽ കാലു കുത്താൻ അനുവദിക്കാത്ത സ്ഥിതിയാണ്. നിലവിൽ എറണാകുളം മഹാരാജാസ് കോളേജ് ഉത്തമ ഉദാഹരണമാണ്. കാമ്പസിനുള്ളിൽ സ്മാരകം നിർമ്മിക്കുന്നു. ഇവയെല്ലാം ഭരിക്കുന്ന സർക്കാരിന്റെ ധിക്കാരപരമായ നടപടിയുടെ ഭാഗമാണ്. സർക്കാരിന്റെ പിന്തുണയോടെയല്ലാതെ ഇവയൊന്നും നടക്കാൻ സാദ്ധ്യതയില്ല. ഇതേ അവസ്ഥ തന്നെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത്. വ്യാപകമായി ഇത് നടത്തുന്നു.
സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും
എറണാകുളം നിയോജക മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കും. എന്താ വേണ്ടതെന്നുള്ളത് പാർട്ടി പിന്നീട് തീരുമാനിക്കും