#ബ്രഹ്മപുരം മാലിന്യം ഏറ്റെടുക്കാൻ ഏജൻസികൾ
കൊച്ചി: മാലിന്യസംസ്കരണത്തിന് ഫലപ്രദമായ വഴികളില്ലാതെ നട്ടംതിരിയുന്ന കൊച്ചി കോർപ്പറേഷന് മുന്നിൽ ബദൽ മാർഗങ്ങളുമായി ഇതര സംസ്ഥാന ഏജൻസികൾ . ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യകൂമ്പാരത്തിൽ നിന്ന് ചെലവു കുറഞ്ഞ രീതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏജൻസി വാഗ്‌ദാനം ചെയ്യുന്നു . നയ്യാ പൈസ ചെലവില്ലാതെ മാലിന്യം കൊണ്ടുപോവാമെന്ന് പുതുച്ചേരിയിലെ സിമന്റ് കമ്പനി. മെട്രോ മീഡിയനിലെ അലങ്കാരചെടികൾക്ക് വളമാക്കുന്നതിന് പ്ലാന്റിൽ കെട്ടിക്കിടക്കുന്ന കമ്പോസ്റ്റ് നൽകണമെന്നാണ് മറ്റൊരു ആവശ്യം. ഈ മൂന്ന് നിർദേശങ്ങളും കോർപ്പറേഷന്റെ ആരോഗ്യസ്ഥിരം സമിതി വിശദമായി പരിശോധിച്ച് അംഗീകാരത്തിനായി കൗൺസിലിന് സമർപ്പിച്ചു. നാളെ നടക്കുന്ന കൗൺസിൽ ഈ ആവശ്യം പരിഗണിക്കും
# പരിചയ സമ്പത്തുമായി കേന്ദ്ര ഏജൻസി
ബ്രഹ്മപുരം മാലിന്യകൂമ്പാരത്തിലെ തീപിടിതത്തെ കുറിച്ച് പഠിച്ച ഡെറാഡൂൺ യൂണിവേഴ്സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിന്റെ കീഴിലുള്ള ബദൽ ഊർജ ഗവേഷണകേന്ദ്രം ( കെയർ) ഗവേഷണത്തിന്റെ അടുത്ത പടിയായി ബ്രഹ്മപുരത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന ആരോഗ്യ സ്ഥിരംസമിതി യോഗത്തിൽ കെയറിന്റെ പ്രതിനിധി ഇക്കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും നാളെ നടക്കുന്ന കൗൺസിലിൽ ഈ അജണ്ട ഉൾപ്പെടുത്തിയിട്ടില്ല.
#ഏജനസിയുടെ ആവശ്യങ്ങൾ
15,000 ചതുരശ്ര അടി സ്ഥലം ഫാക്ടറി പണിയുന്നതിന് ഒരുക്കണം.
3 വർഷത്തേക്ക് പാട്ടത്തിനാണ് സ്ഥലം.
6 മാസം കൂടുമ്പോൾ അധികൃതർ പദ്ധതിയുടെ പുരോഗതി പരിശോധിക്കും.
# 100 ടൺ അജൈവ മാലിന്യം ഏറ്റെടുക്കും
എല്ലാ മാസവും നൂറു ടൺ അജൈവ മാലിന്യം സൗജന്യമായി ഏറ്റെടുക്കാമെന്നാണ് പുതുച്ചേരിയിലെ സിമന്റ് കമ്പനി. പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം ആർ.ഡി.എഫ് ( റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ ) ആയി മാറ്റാം.ചൂളകളിൽ കൽക്കരിക്ക് പകരം കത്തിക്കാനാണ് ഇതുപയോഗിക്കുന്നത്.
# മെട്രോയെ പരിഗണിക്കും
മാലിന്യങ്ങളും കമ്പോസ്റ്റും മെട്രോ മീഡിയനിലെ അലങ്കാര ചെടികൾക്ക് വളമാക്കുന്നതിനായി നൽകണമെന്ന ശുപാർശയിലുണ്ട്. 90,000 ടൺ വളമാണ് കെട്ടിക്കിടക്കുന്നു.ബ്രഹ്മപുരത്തു നിന്ന് മാലിന്യം എത്തിക്കുന്നതിന് കിലോയ്ക്ക് 2.20 രൂപ എന്ന നിരക്കിൽ കോർപ്പറേഷൻ സ്വകാര്യ ഏജൻസിക്ക് നൽകണം.