manjery
പണി പാതി വഴിയിലായ മഞ്ചേരിക്കുഴി പാലം

കിഴക്കമ്പലം: മഞ്ചേരിക്കുഴി പാലം നിർമ്മാണംഅനിശ്ചിതത്വത്തിൽ. പണി പുനരാരംഭിക്കാൻ എം.എൽ.എ മാർ രംഗത്ത്. കുന്നത്തുനാട് ,കാക്കനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത് . 2017 ഡിസംബർ 11 നാണ് നിർമ്മാണം തുടങ്ങിയത്.പാലത്തിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ നാളിതു വരെയായും പണി പാലത്തിന്റെ തൂണിലൊതുങ്ങി . അനിശ്ചിതമായി നിർമ്മാണം മുടങ്ങിയതോടെ എം.എൽ.എ മാരായ വി.പി.സജീന്ദ്രൻ, പി.ടി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം കഴിഞ്ഞ ദിവസം കാക്കനാട് ഗസ്റ്റ് ഹൗസിൽ ചേർന്നു. ഇതു വരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകി. ഡിസംബറിൽ പണി തീർക്കുമെന്ന് ഉറപ്പ് നല്കിയതായി വി.പി സജീന്ദ്രൻ പറഞ്ഞു. എസ്റ്റിമേറ്റ് പുതുക്കണമെന്നായിരുന്നു കരാറുകാരന്റെ നിലപാട്. അതംഗീകരിക്കാനാകില്ലെന്ന് എം.എൽ.എ മാർ കർശന നിലപാടെടുത്തത്തോടെയാണ് പണി പുനരാരംഭിക്കാൻ തീരുമാനിച്ചത്. അടുത്ത യോഗം ഓഗസ്റ്റ് 31 ന് ചേരും. തൃക്കാക്കര -കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറെ മോറക്കാലയിലെ മാഞ്ചേരിക്കുഴി പാലം. പടിഞ്ഞാറെ മോറയ്ക്കാല- മാഞ്ചേരിക്കുഴി- ഇടച്ചിറ - ഇൻഫോ പാർക്കിലേയ്ക്ക് എത്താനുള്ള എളുപ്പ വഴിയാണിത്. പള്ളിക്കര, മോറയ്ക്കാല ഭാഗങ്ങളിലെ വികസനം പാലം യാഥാർത്ഥ്യമാകുന്നതോടെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ. കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറയ്ക്കാല വഴി യാത്രാ സൗകര്യം വർദ്ധിക്കുന്നത് നാട്ടുകാർക്ക് ഏറെ സഹായകമാണ്.

ചെലവ് ഇപ്പോൾ12 കോടി

ഇൻഫോ പാർക്കിലേയ്ക്ക് എളുപ്പ വഴി

കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

നാട്ടുകാരിൽ പലരും സ്ഥലം സൗജന്യമായി നൽകി