പെരുമ്പാവൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കർക്കിടക വാവുബലിക്കൊരുങ്ങി. ഈ മാസം 31, ആഗസ്റ്റ് 1 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ആയിരകണക്കിന് പേർ പങ്കെടുക്കും.

നാൽപ്പതോളം ബലിത്തറകളിലായി നാലായിരത്തിലധികം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമുണ്ട്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. പ്രഭാത, ഉച്ച ഭക്ഷണം, സി.സി.ടി.വി നിരീക്ഷണം, ഭക്തർക്കുള്ള ഇൻഷ്വറൻസ്, വാഹനങ്ങൾ തുടങ്ങിയ മുഴുവൻ സൗകര്യങ്ങളും തയ്യാറായതായി ക്ഷേത്രം പ്രസിഡൻറ് വി.എൻ നാരായണൻ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചേലാമറ്റം കവല മുതൽ ഒക്കൽ റോഡു വരെ പൂർണമായും വൺവേയാണ്. അന്നേ ദിവസം പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി പ്രത്യേകം സർവീസ് നടത്തും. ഫയർഫോഴ്‌സ്, മുങ്ങൽ വിദഗ്ദ്ധർ, മെഡിക്കൽ സംവിധാനങ്ങളും സജ്ജമാണ്.