മൂവാറ്റുപുഴ: വാഴക്കുളം ജീവധാര റീനൽ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും വാർഷിക സമ്മേളനവും വാഴക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഇന്ന് വെെകുന്നേരം 5ന് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി നിർവ്വഹിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ പ്രസിഡന്റ് എം.ഡി. കുര്യൻ, സെക്രട്ടറി എ.ജെ. അയ് ജോൺ കല്ലുങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർഷിക സമ്മേളനത്തിൽവച്ച് എൽദോഎബ്രാഹാം എം എൽ.എ ഡയാലിസിസിനുള്ള കൂപ്പൺ കെെമാറും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ജീവ ധാര വെബ് സെെറ്റ് ഉദ്ഘാടനവും , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ലഘുലേഖ പ്രകാശനവും നിർവ്വഹിക്കും. ഫൗണ്ടേഷൻ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ സണ്ണി ചാക്കോ കൊളംബെൽ, ബോബൻ വി.എസ് വട്ടക്കുന്നേൽ എന്നിവരെ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജോർജ് ആദരിക്കും. കൊച്ചി എയിംസിലെ നെഫ്രോളജി ഡോക്ടർ ജോർജ്ജ് കുര്യൻ വൃക്ക രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തുമെന്നും ഭാരവാഹികൾ പറ‌ഞ്ഞു.