കൊച്ചി : ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയ്‌ക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പൊലീസ് രംഗത്തെത്തി. ഇത് സ്ഥിരീകരിച്ച് എൽദോയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ റിപ്പോർട്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്‌ടർ എസ്. സുഹാസിന് പൊലീസ് കൈമാറി.
പരിക്കേറ്റ എൽദോ ആദ്യം ചികിത്സ തേടിയത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറി. മൂന്നു ദിവസം ആശുപത്രിയിൽ കിടന്നു.
ആദ്യ ദിവസങ്ങളിൽ ബാൻഡേജ് ചുറ്റിയിരുന്നു. ഇപ്പോൾ കൈ സുരക്ഷിതമായി ഇരിക്കാനുള്ള ബാഗാണ് ഉപയോഗിക്കുന്നത്. എൽദോയ്‌ക്കൊപ്പം സി.പി.ഐ അസി. ജില്ലാ സെക്രട്ടറി കെ.എൻ.സുഗതൻ, ജില്ലാ പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഇവർക്കാർക്കും എല്ലിന് പൊട്ടലില്ലെന്ന മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടാണ് പൊലീസ് കളക്‌ടർക്ക് കൈമാറിയത്.
പൊട്ടലുണ്ടെന്ന് പറഞ്ഞത് ഡോക്ടർ : എൽദോ
കൈ ഒടിഞ്ഞെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പൊട്ടലുണ്ടെന്ന് ഡോക്‌ടർ അറിയിച്ചതോടെയാണ് വിദഗ്ദ്ധ ചികിത്സ തേടിയതെന്നും എൽദോ എം.എൽ.എ വ്യക്തമാക്കി.
കൈയ്‌ക്ക് പൊട്ടലില്ലെന്ന് പൊലീസ് കൈമാറിയ റിപ്പോർട്ട് മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കൈയ്‌ക്ക് പൊട്ടലുണ്ടെന്ന് ഡോക്‌ടർ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് ബാൻഡേജിട്ടത്. വ്യാജമായി ഒരുപാട് റിപ്പോർട്ട് കൊടുത്ത് ശീലമുള്ളവരാണ് പൊലീസ്. എന്നെയടക്കമുള്ളവരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മർദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നതു തന്നെ നല്ല ശീലമല്ല.
എൽദോയുടെ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്‌ടറാണ് പറഞ്ഞതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവും വ്യക്തമാക്കി. കൈയ്‌ക്ക് ഒടിവുണ്ടെന്ന് താനോ മറ്റ് നേതാക്കളോ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.