ഒറ്റയ്ക്കു സഞ്ചരിക്കുന്ന പ്രായമേറിയവരുടെ മാലയാണ് പൊട്ടിക്കുന്നതിലധികവും.
കോലഞ്ചേരി: കോലഞ്ചേരി മേഖലയിൽ വഴിക്കള്ളൻമാർ വിലസുന്നു, ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാല കവരുന്ന സംഘങ്ങൾ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു പേരുടെ മാല പൊട്ടിച്ചു കടന്നു.
പത്താംമൈൽ ഖാദി റോഡിൽ കാവനാക്കുടിയിൽ മാധവന്റെ ഭാര്യ ഭവാനിയുടെ രണ്ടര പവനോളം തൂക്കം വരുന്ന മാലയാണ് ബുധനാഴ്ച നഷ്ടപ്പെട്ടത് . രാവിലെ വീട്ടു മുറ്റത്ത് നില്ക്കുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതൻ ഇവരുടെ അടുത്തെത്തി മാല പൊട്ടിച്ചെടുത്ത ശേഷം ഞൊടിയിടയിൽ രക്ഷപ്പെട്ടു. തോന്നിക്ക ക്ഷേത്രത്തിൽ പോയി മടങ്ങിയ വൃദ്ധയുടെരണ്ട് പവന്റെ മാല മെഡിക്കൽ കോളേജിനടുത്തുള്ള പെൻഷന്റെ ഭവന്റെ മുന്നിൽ വച്ചാണ് പൊട്ടിച്ചെടുത്തത്. വീട്ടിലേയ്ക്ക് പോകുന്നതിനിടെ അമ്പലത്തിൽ പൂജാരിയുണ്ടോ എന്നു ചോദിച്ചെത്തി മറുപടി പറയുന്നതിനിടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. കഴിഞ്ഞ 18ന് കോലഞ്ചേരി മെഡിക്കൽ കോളേജിനു മുമ്പിലെ മൂവാറ്റുപുഴ ബസ്റ്റോപ്പിൽ മാലയും പൊട്ടിച്ചിറങ്ങി ഓടിയ മൂന്നു യുവതികളെ സാഹസികമായി മീമ്പാറ സ്വദേശിനി പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. . ഒരുമാസം മുമ്പാണ് പുത്തൻ കുരിശ് സി.പി.എം.ഓഫീസിനു സമീപത്തു വച്ച് കാൽനട യാത്രക്കാരിയുടെ രണ്ടര പവന്റെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നത്. ഇനിയും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .
ശ്രദ്ധിക്കേണ്ട കാര്യ ങ്ങൾ
ആൾ പെരുമാറ്റം കുറഞ്ഞ വഴികളിൽ ഒറ്റക്കു സഞ്ചരിക്കരുത്.
അപരിചതരായ വഴിയാത്രക്കാരുമായി സംസാരിക്കാതെ ഒഴിവാകുക
ഹെൽമെറ്റ് ധരിച്ചെത്തി വഴി ചോദിക്കാനെത്തുന്നവരെ കരുതലോടെ കാണുക.