പെരുമ്പാവൂർ: കൂവപ്പടിയിൽ ദളിത് യുവാവായ ബിജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഓടയ്ക്കാലി ഏക്കുന്നം ഈരങ്കുഴി വീട്ടിൽ പളളിയാന്റെ മകൻ ബിജു (44), ഏക്കുന്നം പുറഞ്ചിറ വീട്ടിൽ കുഞ്ഞോലിന്റെ മകൻ ബിജു (41), റയോൺപുരം പടയാട്ടിൽ വീട്ടിൽ കുര്യാക്കോസിന്റെ മകൻ മലപ്പുറം ബാബു എന്ന് വിളിക്കുന്ന എൽദോസ് (47), ഓടയ്ക്കാലി ഉദയകവല നമ്പേലിൽ വീട്ടിൽ കുഞ്ഞപ്പന്റെ മകൻ ഷാജി (36) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മേയ് 29 ന് അയ് മുറിയിൽ ടൂവീലറിൽ പോകുന്നതിനിടെ പിന്തുടർന്ന് ബിജുവിന്റെ ഇരുകൈകാലുകളും നട്ടെല്ലും ഇവർ തല്ലിയൊടിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ബിജുചികിത്സയിലാണ്. കേരളാ സ്റ്റേറ്റ് ഹരിജൻ സമാജം കേസിൽ ഇടപെടുകയും പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസ് ഉപരോധം സംഘടിപ്പിക്കുകയും ചെയ്തു. സംഘം ചേരൽ, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ, പട്ടികജാതി അക്രമനിരോധന നിയമം, ഗൂഢാലോചന, ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകളും ഉൾപ്പെടുത്താത്തതിനെതിരെ ഹരിജൻ സമാജം പ്രതിഷേധവുമായി രംഗത്തുണ്ട്. ദളിത് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നൂ ലക്ഷ്യമെന്ന് പ്രതികൾ സമ്മതിച്ചതായാണ് സൂചന.കാരണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.