കൊച്ചി:സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അങ്കമാലി കാൻകോർ ഇൻഗ്രേഡിയന്റ്‌സ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന സുരക്ഷിതത്വ ബോധവൽക്കരണ ക്ലാസ്സിന് ചൊവ്വാഴ്ച തുടക്കമാകും. അങ്കമാലി പുളിയനം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന യോഗം വൈകിട്ട് മൂന്നിന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുമെന്ന് കാൻകോർ ഇൻഗ്രേഡിയന്റ്‌സ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോജി .എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും.
അപകടങ്ങളെ സമചിത്തതയോടെ നേരിടാനും അപകടകരമായ രാസവസ്തുക്കളുടെ സ്വഭാവവും അപകട സാധ്യതയും മനസ്സിലാക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ ബോധവൽക്കരണ ക്ലാസ്സിന്റെ ലക്ഷ്യം. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട 40 സ്‌കൂളുകളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. പ്രത്യേകമായി സജ്ജീകരിച്ച 'സുരക്ഷാ രഥം' ബസിലാണ് ക്ലാസ്. കാൻകോർ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ജോ ജോർജ് പൈനാടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.