ramesh-chennithala
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു

നെടുമ്പാശേരി: പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് യഥാസമയം നൽകുന്നതിന് നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബില്ലുകൾ അടുത്ത വർഷം പാസാക്കാമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ല. ഇത്തരം നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ദുർബലമാക്കും. . ഭാവിയിൽ ഗ്രാമസഭകൾക്ക് കൂടുതൽ അധികാരം ലഭിക്കും. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിതാശ്വാസത്തിനായി അപ്പീൽ നൽകിയവർക്കെല്ലാം ആനുകൂല്യം നൽകണം. ഇത് നിഷേധിക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരാണ്. ഇത്തരം നടപടിക്ക് മുതിരുന്നവർ കോടതിയലക്ഷ്യത്തിന് വിധേയമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റെക്കാഡ് റൂം ബെന്നി ബഹനാൻ എം.പിയും ഫ്രണ്ട് ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ജീവനക്കാരെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ആശ ഏല്യാസ്, സന്ധ്യ നാരായണപിള്ള, രാജേഷ് മഠത്തിമൂല, ടി.കെ. സുധീർ, ലത ഗംഗാധരൻ, പി.ആർ. രാജേഷ്, ജെർളി കപ്രശേരി, എം.ബി. രവി, ഷെരീഫ് ഹാജി, പി.ജെ. അനിൽ, എം.വി. പരീത്, കെ.ജി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷീലാകുമാരി എന്നിവർ സംസാരിച്ചു.