കോലഞ്ചേരി: കേരം തിങ്ങും കേരള നാട്ടിൽ ...... ഒടുവിൽ തെങ്ങും .. തേങ്ങ വില അടിക്കടി ഇടിയുന്നതിനാൽ തേങ്ങ എടുക്കാനും ആളില്ലാതായി. വെളിച്ചെണ്ണ വില ഉയർന്നു തന്നെ നില്ക്കുമ്പോഴാണ് തേങ്ങ വില താഴേയ്ക്കു പോകുന്നത്. തേങ്ങയ്ക്ക് അടിക്കടി വില കുറയുമ്പോഴും വെളിച്ചെണ്ണ വില കിലോ 180 ൽ തുടരുകയാണ്. വില ഇടിഞ്ഞതോടെ തെങ്ങിൽ കയറ്റി തേങ്ങ പറിക്കലും കർഷകർക്ക് മുതലാകുന്നില്ല. ഒരു തെങ്ങു കയറാൻ 50 രൂപയാണ് കൂലി. ഒരു തെങ്ങിൽ നിന്നും പരമാവധി കിട്ടുന്നത് 10 മുതൽ 15 വരെ തേങ്ങയാണ്. തേങ്ങയ്ക്ക് തറ വില നിശ്ചയിച്ച് കേരഫെഡ് സംഭരണം തുടങ്ങുമെന്നറിയിച്ചെങ്കിലും നാളിതു വരെ തീരുമാനമായിട്ടില്ല. പുറത്തു നിന്നുമെത്തുന്ന തേങ്ങയ്ക്ക് കാമ്പ് കുറവായതിനാൽ കറി വെയ്ക്കാനായി ആരും വാങ്ങുന്നില്ല. നാടൻ തേങ്ങ വില ഇടിഞ്ഞതോടെ വിപണിയിലെത്തിക്കാനും കർഷകർക്ക് കഴിയുന്നില്ല. വില ഇടിയുന്ന സമയത്ത് മൊത്ത വ്യാപാരികൾ കർഷകരിൽ നിന്നും ചുളു വിലയ്ക്ക് വാങ്ങി കൊപ്രയാക്കി സ്റ്റോക്ക് ചെയ്യും .സീസൺ കഴിയുമ്പോൾ കൊപ്ര മില്ലുകൾക്ക് വിറ്റ് ഇവർ വൻ ലാഭം കൊയ്യുന്നതാണ് രീതി. ഇങ്ങനെ നാളികേര കർഷകർക്ക് ലഭിക്കേണ്ട പണം മുഴുവൻ ഇടനിലക്കാർ തട്ടിയെടുക്കുകയാണ്.

രണ്ടു മാസം മുമ്പ് പൊതിച്ച തേങ്ങചില്ലറ വില്പന വില, കിലോയ്ക്ക് 55 -60 രൂപ

ഇപ്പോൾ 30 -32 .

തമിഴ് നാട്ടിൽ നിന്നുമെത്തുന്ന തേങ്ങയ്ക്ക് 25- 27