എസ്.പി ഓഫീസിന് മുമ്പിലെ കടയിൽ മോഷണം നടത്തിയത് ഇതരസംസ്ഥാനതൊഴിലാളി
ആലുവ: പൊലീസ് സേനക്ക് മാനക്കേടുണ്ടാക്കിയ കള്ളനെ പൊലീസ് പൊക്കി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുമ്പിലെ കടയിൽ കവർച്ച നടത്തിയ മദ്ധ്യപ്രദേശ് ദിന്ദേരി സ്വദേശി പ്രസാദ് സിംഗിനെയാണ് (22)ആലുവ എസ്.എച്ച്.ഒ ആർ. രജേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടിയത്.
കഴിഞ്ഞ 22ന് രാത്രിയാണ് മോഷണം നടന്നത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മൊബൈൽ ഫോൺ, ആയിരം രൂപ എന്നിവ നഷ്ടമായി. മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇടുക്കി നെടുങ്കണ്ടത്ത് വാടകക്ക് താമസിക്കുന്ന തോട്ടം തൊഴിലാളിയായ പ്രതി ആലുവയിലെത്തി മദ്യപിച്ച് പണം തീർന്നതിനെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്.
അന്വേഷണ സംഘത്തിൽ സി.ഐയെ കൂടാതെ എസ് ഐ ജി. അരുൺ, എസ്.സി.പി.ഒ സോജി, സി.പി.ഒ മാരായ ജെറി കുര്യാക്കോസ്, നൗഫൽ എന്നവരുമുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ആലുവ ക്‌ളോക്ക് ടവർ ബിൽഡിംഗിന്റെ രണ്ടാം നിലയിൽ നിർമാണത്തിലിരിക്കുന്ന ആലുവ മീഡിയ ക്ലബ് ഓഫീസിൽ നിന്നും നിർമാണ സാമഗ്രികളും ഫർണിച്ചറുകളും കവരുന്നതിന് മോഷ്ടാക്കൾ ഉപയോഗിച്ച ഗുഡ്സ് വാഹനം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചു. ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.
എസ്.പി ഓഫീസിന് മുമ്പിൽ കവർച്ച നടന്ന അതേദിവസമാണ് മീഡിയ ക്ളബിലും കവർച്ച നടന്നത്.
കഴിഞ്ഞ 12നാണ് തോട്ടയ്ക്കാട്ടുകര ജി.സി.ഡി.എ റോഡിൽ പൂണോലി ജോർജ്ജ് മാത്യുവിന്റെ വീടു കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ കവർച്ച നടന്നിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.