ആലുവ: ജില്ല ആശുപത്രി മതിലിനോട് ചേർന്നാണ് രണ്ട് ബൈക്കുകൾ ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ. ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുവന്ന ശേഷം ഉപേക്ഷിച്ചതാണോയെന്ന് നാട്ടുകാർ സംശയിക്കുന്നു. ബൈക്കുകൾ ഇവിടെ ഇരിക്കുന്ന കാര്യം പൊലീസിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ കാലത്ത് നിരവധി മോഷണങ്ങളാണ് ആലുവയിൽ നടന്നത്. വൻ കവർച്ചയടക്കം ഇതിൽ പെടും. എന്നാൽ, ഇതിൽ 90 ശതമാനത്തിലധികം കേസുകളിൽ പോലും തുമ്പുണ്ടാക്കാൻ പൊലീസിന് ആയിട്ടില്ല. ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ ഇത്തരം മോഷണങ്ങളുമായി ബന്ധമുള്ളവയാണോയെന്ന് പോലും പൊലീസ് അന്വേഷിക്കാൻ തയ്യാറായിട്ടില്ല.