ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പുന:രാരംഭിക്കാൻ അനുമതി നൽകിയ വിവാദ കാർബൻ കമ്പനി സാമ്പത്തീക പ്രതിസന്ധിയെ തുടർന്നാണ് നേരത്തെ അടച്ചുപൂട്ടേണ്ടി വന്നതെന്ന് ഉടമയും സി.പി.എം കീഴ്മാട് ലോക്കൽ സെക്രട്ടറിയുമായ കെ.എ. ബഷീർ പറഞ്ഞു.

1995 മുതൽ 2012 വരെ പഞ്ചായത്ത് അനുമതിയോടുകൂടിയാണ് സ്ഥാപനം പ്രവർത്തിച്ചത്. ഇക്കാലയളവിൽ ആർക്കും പരാതി ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നേരത്തെ കമ്പനി പൂട്ടിയതെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. കമ്പ്യൂട്ടർ പേപ്പറിൽ ഉപയോഗിക്കുന്ന കാർബൺ പേപ്പർ നിർമ്മാണ സ്ഥാപനമാണിത്. സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പരിസ്ഥിതി മലിനീകരണവും ഉണ്ടായിട്ടില്ല. നേരത്തെ മഷി ഉത്പാദിപ്പിച്ചാണ് പേപ്പറിൽ കോട്ടിംഗ് നടത്തിയിരുന്നത്. ചില ആശങ്കകൾ പ്രകടിപ്പിച്ചതിന്റെ ഭാഗമായി ഇപ്പോൾ മഷി നിർമ്മാണം ഉപേക്ഷിച്ചു. പുറമെ നിന്ന് മഷി വാങ്ങി പ്രവർത്തിക്കാനുള്ള അനുമതിയാണ് തേടിയിട്ടുള്ളത്.

പഞ്ചായത്ത് ആവശ്യപ്പെട്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ആശങ്ക പ്രകാരമുള്ള എന്തെങ്കിലും സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ ആവശ്യപ്പെട്ട് പി.സി.ബിക്ക് കത്തും നൽകിയിട്ടുണ്ടെന്ന് കെ.എ. ബഷീർ അറിയിച്ചു. അതേസമയം, സി.പി.എം അംഗമായ വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. ഇന്ന് വൈകിട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിനായി യോഗം വിളിച്ചിട്ടുണ്ട്.