syro-malabar-sabha

കൊച്ചി:സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

തൃശൂർ ബിഷപ്പ് ഹൗസിലായിരുന്നു ആൻഡ്രൂസ് താഴത്തിന്റെ മൊഴിയെടുപ്പ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് ബിഷപ്പ് ജോസ് പൊരുന്നേടത്തിൽ നിന്ന് വിവരങ്ങൾ തേടി. ഇരുവരും സിനഡ് അംഗങ്ങളാണ്. ഈ യോഗത്തിലാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട് പരാതി നൽകാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങളാണ് തൃക്കാക്കര എ.എസ്.പി വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചത്.

വ്യാജരേഖ നിർമ്മിച്ചെന്ന് കണ്ടെത്തിയ ആദിത്യ, സഹായംചെയ്ത സുഹൃത്ത് വിഷ്ണു റോയ് എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. പൊലീസ് പ്രതി ചേർത്ത ഫാ.പോൾ തേലക്കാട്ട്, ഫാ. ആന്റണി കല്ലൂക്കാരൻ എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവരെയും ബിഷപ്പ് ജേക്കബ് മനത്തോടത്ത്, വൈദിക സമിതി മുൻ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ എന്നിവരെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. കർദിനാൾ രഹസ്യ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇവയിലൂടെ വൻതുക കൈമാറ്റം ചെയ്‌തെന്നുമുള്ള വ്യാജരേഖകൾ ചമച്ചതായാണ് കേസ്.