ആലുവ: അറ്റ്‌ലാൻഡയിൽ സംഘടിപ്പിച്ച അവികസിത രാജ്യങ്ങളിലെ യുവജനങ്ങളുടെ ലോക സമ്മേളനത്തിൽ ഏകമലയാളിയായി ആലുവ സ്വദേശിനി അശ്വതി വേണുഗോപാലും പങ്കെടുത്തു. തോട്ടയ്ക്കാട്ടുകര മനലൈനിൽ അശ്വതി ഭവനിൽ വേണുഗോപാൽ-ബിന്ദു ദമ്പതികളുടെ മകളാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്ത നാല് പ്രതിനിധികളിൽ ഏക മലയാളി.
27 അവികസിത രാജ്യങ്ങളിൽ നിന്ന് ഓൺലൈനിലൂടെ പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. പത്ത് ദിവസത്തെ സമ്മേളനത്തിൽ യുവജനങ്ങളുടെ മികവ് ഏതുവിധത്തിൽ ലോകത്തിന് ഉപയോഗപ്പെടുത്താൻ കഴിയുമെന്നതിനെക്കുറിച്ചായിരുന്നു പ്രത്യേകമായ ചർച്ച.
യുവജനപങ്കാളിത്തം ഇന്ത്യയിൽ ഏതൊക്കെ മേഖലയിൽ എന്നതിനെകുറിച്ചുള്ള വിശദമായ പ്രബന്ധം അവതരിപ്പിച്ചതും അശ്വതിയായിരുന്നു. മാർട്ടിൻലൂഥർ മൂന്നാമൻ ഉൾപ്പെടെ അമേരിക്കയിലെ വ്യാവസായികരംഗത്തും മറ്റുമുള്ളവരും സമ്മേളനത്തിലെ പ്രതിനിധികളുമായി സംവാദം നടത്തിയിരുന്നു. കൊച്ചി സർവകലാശാലയിൽ നിന്ന് എം.ബി.എയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി ജയ്പൂരിൽ ആമസോണിൻെറ ടീം മാനേജരായിരുന്നു. വിവാഹശേഷം ഭർത്താവ് സന്ദീപിന്റെ സ്റ്റാർട്ട്അപ്പിനൊപ്പം പ്രവർത്തിച്ചശേഷം ഇപ്പോൾ പുതിയ സ്റ്റാർട്ട്അപ്പിലാണ്. ഇതിനിടയിലാണ് അമേരിക്കയിലെ ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
കൊക്കൊക്കോള, സി.എൻ.എൻ തുടങ്ങിയവയുടെ മേധാവികളുമായി അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ കഴിഞ്ഞതും മറ്റും വലിയകാര്യം തന്നെയാണെന്ന് അശ്വതി പറഞ്ഞു. ഇന്ത്യയിലെ വിവിധ സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവജനങ്ങൾക്ക് സ്‌റ്റാർട്ട്അപ്പുകളിലേക്ക് കൂടുതൽ ശ്രദ്ധചെലവുത്തുവാൻ ഈ സമ്മേളനം വഴിതെളിച്ചുവെന്നും അശ്വതി പറഞ്ഞു.