കൊച്ചി: പാലാരിവട്ടത്തിന് പിന്നാലെ വൈറ്റില ഫ്ലൈ ഓവർ നിർമ്മാണത്തിലെ ക്രമക്കേടും പുറത്തുവന്നതോടെ ഇടത് -വലതു മുന്നണികൾ തമ്മിലുള്ള രാഷ്‌ട്രീയ യുദ്ധത്തിന് കളമൊരുങ്ങി. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

പാലാരിവട്ടം ഫ്ളൈഓവറിന്റെ നിർമ്മാണ സമയത്തുള്ള ഉദ്യോഗസ്ഥവീഴ്ച മൂലമുണ്ടായ പ്രശ്‌നങ്ങൾ വൈറ്റിലയിലും സംഭവിക്കുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തൽ. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലാരിവട്ടം പാലം തകർന്നതോടെ വൻ പ്രക്ഷോഭമാണ് ഇടതുമുന്നണി സംഘടിപ്പിച്ചത്. അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കണമെന്നായിരുന്നു ആവശ്യം. ഒരു മാസം നീണ്ടുനിന്ന സമരവും സംഘടിപ്പിച്ചു. ഇപ്പോൾ ഇടുതുമുന്നണി ഭരിക്കുമ്പോൾ വൈറ്റില പാലത്തിലുണ്ടായ ക്രമക്കേട് ഉയർത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

 വെടിപൊട്ടിച്ച് പി.ട‌ി.തോമസ്

ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന മന്ത്രി ജി. സുധാകരന്റെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. പാലാരിവട്ടം പാലത്തിൽ ചെയ്‌തതുപോലെ ഇ. ശ്രീധരനെക്കൊണ്ട് വൈറ്റിലയിലും പരിശോധന നടത്തണം. ഉദ്യോഗസ്ഥ വീഴ്ചമൂലമുണ്ടായ കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

 നിലവാരമില്ലാത്ത കോൺക്രീറ്റിംഗ്

അടുത്തിടെ നടത്തിയ മൂന്ന് കോൺക്രീറ്റിംഗിന് ഗുണനിലവാരമില്ലെന്നാണ് പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ റോഡ് കോൺഗ്രസ് നിശ്ചയിച്ച ഐ.എസ്. കോഡ് നിലവാരമില്ല. കുണ്ടന്നൂർ വശത്തുള്ള ഒരു സ്ലാബ്, മദ്ധ്യഭാഗത്തുള്ള പിയർഗ്യാപ്പ്, ഇടപ്പള്ളി ഭാഗത്തേക്കുള്ള ഒരു ഗർഡർ എന്നിവയുടെ കോൺക്രീറ്റിലും നിലവാരമില്ല. മേൽനോട്ടക്കാരായ ഉദ്യോഗസ്ഥർ പലപ്പോഴും സ്ഥലത്ത് എത്താറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 അട്ടിമറിയോ?

പാലത്തിന്റെ നിർമ്മാണം 70 ശതമാനം പൂർത്തിയായി. പാലാരിവട്ടം പാലത്തിന്റെ ഗതികേട് വൈറ്റിലയ്‌ക്ക് വരില്ലെന്ന് മന്ത്രി ജി.സുധാകരൻ പലവട്ടം പറഞ്ഞു. പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ റിപ്പോർട്ട് ചില ഉദ്യോഗസ്ഥർ മുക്കിയെന്നും പറയുന്നു. ഇവിടെയും കാര്യങ്ങൾ വിജിലൻസ് അന്വേഷണത്തിലേക്കാണ് പോകുന്നത്.

 എന്തൊരുഗതി

മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ കൊച്ചിയിൽ നാലു പാലങ്ങൾ പണിതു. നഗരത്തിന്റെ മുഖച്ഛായയും ഗതാഗതക്കുരുക്കും മാറ്റി. ഇതിനിടയിലാണ് ദേശീയപാതയിൽ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ഫ്ലൈഓവർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. രണ്ടു പാലങ്ങൾ ഇപ്പോൾ ചോദ്യചിഹ്നമാണ്. വൈറ്റില ഫ്ലൈഓവർ ഇങ്ങനെയല്ല നിർമ്മിക്കേണ്ടതെന്ന ആഭിപ്രായം പറഞ്ഞ ഇ. ശ്രീധരനോട് കൂടുതലൊന്നും പറയേണ്ടെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ മറുപടി.