ആലുവ: അനധികൃതമായി സർവീസ് മുടക്കി സ്വകാര്യ സർവീസ് നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ആലുവയിൽ നടത്തിയ ഹോളിഡേ സ്ക്വാഡ് ഡ്യൂട്ടിയിലാണ് അനധികൃത സർവീസ് നടത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
സ്‌പെഷ്യൽ പെർമിറ്റ് എടുക്കാതെ കല്യാണ ആവശ്യത്തിന് ഓടിയ രണ്ട് സ്വകാര്യ ബസും ഒരു സ്‌കൂൾ ബസും പിടിച്ചെടുത്തു. ചുണങ്ങംവേലി, കൊടികുത്തുമല എന്നിവിടങ്ങളിലേക്ക് വിവാഹപാർട്ടിയുമായി എത്തിയ ശ്രീ ഉളിയന്നൂരപ്പൻ, അൽമാസ് എന്നീ ബസ്സുകളാണ് കുടുങ്ങിയത്.
ആലുവ പള്ളുരുത്തി, കാക്കനാട് തുടങ്ങിയ സ്ഥലത്തേക്ക് മാത്രം പെർമിറ്റുള്ളവയായിരുന്നു പിടികൂടിയ സ്വകാര്യ ബസുകൾ. നായരമ്പലം ബി.വി എച്ച്.എസ്.എസ് സ്‌കൂളിലെ മിനി ബസാണ് കല്യാണ സർവീസ് നടത്തിയത്. സ്‌കൂളിലെ അദ്ധ്യാപകരാണ് സ്കൂൾ ബസിൽ ചടങ്ങിനെത്തിയത്. സ്വകാര്യ ബസുകൾ ഞായറാഴ്ച്ചകളിൽ സർവീസ് മുടക്കി മറ്റ് ട്രിപ്പുകൾ ഓടുന്നത് മൂലം ജനങ്ങൾ ബസ് കിട്ടാതെ ദുരിതത്തിലാകാറുണ്ട്. ഇത്തരം വാഹനം മറ്റാവശ്യങ്ങൾക്ക് കർശനമായി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.
സ്വകാര്യ ബസ്സുകൾട്രിപ്പുകൾ മുടക്കി അനധികൃതമായി കല്യാണ ഓട്ടങ്ങളും മറ്റും ഓടുന്നതിനെതിരെ കോൺട്രാക്ട് കാര്യേജ് അസോസിയേഷൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് വാഹന വകുപ്പിന്റെ നടപടി. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ പെർമിറ്റ് സസ്‌പെൻഷൻ അല്ലെങ്കിൽ പിഴ ചുമത്തും.
പിഴ10,000 രൂപ
കോൺട്രാക്ട് കാര്യേജ് വാഹനം 32 സീറ്റുള്ളവയ്ക്ക് പ്രതിവർഷം നികുതി96,000 രൂപ
സ്കൂൾ വാഹനത്തിന് 4,200 രൂപ