ആലുവ: എടയപ്പുറത്തെ വിവാദ കാർബൺ കമ്പനി പുന:രാരംഭിക്കാൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം ആരംഭിക്കാൻ എടയപ്പുറം കാർബൺ കമ്പനി വിരുദ്ധ ജനകീയ സമിതി രൂപീകരണ യോഗം തീരുമാനിച്ചു.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ സി.പി.എം പ്രതിനിധിയായ വാർഡ് മെമ്പർ കാജ മൂസയുടെ സാന്നിദ്ധ്യത്തിലാണ് ജനകീയ സമിതി രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ സ്ഥാപന ഉടമയെ തന്നെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പദ്ധതിയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വിവാദ കമ്പനി സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങൾ വിശദീകരിച്ച് നോട്ടീസ് പ്രചരണം നടത്തും. തുടർന്നായിരിക്കും പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുക. കോൺഗ്രസ് നേതാവ് സി.എസ്. അജിതൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കാജ മൂസ, സാജിത അബ്ദുൾ സലാം, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അജിത്ത് കുമാർ, സദാനന്ദൻ അമ്പാട്ടുകാവ്, റഷീദ് എടയപ്പുറം, സി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.
ജനകീയ സമിതി ഭാരവാഹികളായി എം.എ.കെ. ഗഫൂർ (പ്രസിഡന്റ്), സി.എസ്. സജീവൻ (വൈസ് പ്രസിഡന്റ്), എം.എം. അബ്ദുൾ അസീസ് (കൺവീനർ), പി.എച്ച്. സിദ്ദിഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നാട്ടുകാർ
എടയപ്പുറത്ത് പരിസ്ഥിതി മലിനീകരണത്തിന് ഏറെ കാരണമാകുന്ന വിവാദ കാർബൻ കമ്പനി പുന:രാരംഭിക്കാൻ ശ്രമിക്കുന്ന ഉടമയും സി.പി.എം കീഴ്മാട് ലോക്കൽ സെക്രട്ടറിയുമായ കെ.എ. ബഷീർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാർബൻ കമ്പനി വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
1995 മുതൽ 2012 വരെ പഞ്ചായത്ത് അനുമതിയോടെ സ്ഥാപനം പ്രവർത്തിച്ചപ്പോൾ ആരും പരാതി നൽകിയിരുന്നില്ലെന്നാണ് ബഷീർ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാൽ ഇത് ശരിയല്ലെന്ന് ജനകീയ സമിതിയുടെ വൈസ് ചെയർമാൻ കൂടിയായ സി.എസ്. സജീവൻ പറയുന്നു. 1998ൽ ലൈസ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെപഞ്ചായത്തിന് പരാതി നൽകിയിരുന്നു. കിണർ വെള്ളം മോശമാകുകയും ദുർഗന്ധവും അസഹ്യമാകുകയുംചെയ്തപ്പോഴാണ് പരാതി നൽകിയത്. പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കമ്പനി ഉടമ ബഷീർ തൊട്ടടുത്ത വാർഡിൽ നിന്നും പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് ബഷീർ പഞ്ചായത്ത് പ്രസിഡന്റായ ശേഷം കമ്പനി നിർത്തിയെങ്കിലും ലൈസൻസ് രഹസ്യമായി പുതുക്കുകയായിരുന്നുവെന്നും സജീവൻ ആരോപിച്ചു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റി സി.പി.എം ലോക്കൽ കമ്മിറ്റിയായി അധ:പതിച്ചു
ആലുവ: ജനകീയ പ്രതിഷേധം വകവെയ്ക്കാതെ സി.പി.എം ലോക്കൽ സെക്രട്ടറിക്ക് മലിനീകരണം സൃഷ്ടിക്കുന്ന കാർബൻ കമ്പനിക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചതോടെ കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സി.പി.എം ലോക്കൽ കമ്മിറ്റിയായി അധ:പതിച്ചുവെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിനോജ് ഞാറ്റുവീട്ടിൽ ആരോപിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നാട്ടിൽ വിഷ കമ്പനിക്ക് ലൈസൻസ് നൽകിയതിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഭരണസമിതി ചെയ്തിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.