karuvatta
കരുവാറ്റശ്രീവിനായകൻ ചുണ്ടന്റെ ടീം ക്യാപ്റ്റനായി ജോസ് തോമസിനെ എം.സ്വരാജ് എം.എൽ.എ.തൊപ്പിയണിയിക്കുന്നു.സി.എസ്.പീതാംബരൻ,അഡ്വ:ജോളിജോൺ,വി.ഒ.ജോണി,തുടങ്ങിയവർസമീപം

പനങ്ങാട്:ലഹരിക്കെതിരെ തുഴയെറിയുക എന്ന സന്ദേശവുമായി പനങ്ങാട് നിന്നുംആലപ്പുഴ നെഹ്റു ട്രോഫി വളളം കളിമത്സരത്തിൽ പങ്കെടുക്കുന്ന കരുവാറ്റ ശ്രീവിനായകൻചുണ്ടന്റെ ക്യാപ്റ്റനായി ചോയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റർ ജോസ് തോമസ്സിനെ പ്രഖ്യാപിച്ചു.ചേപ്പനം ബണ്ട് പരിസരത്തുവച്ച് നടന്ന പ്രഖ്യപനസമ്മേളനത്തിൽ എം.സ്വരാജ് എം.എൽ.എ.ജോസ് തോമസ്സിനെ ക്യാപ്റ്റന്റെ തൊപ്പിഅണിയിച്ചു.

പ്രദേശത്തെ വിവിധ സംഘടനകൾ സംയുക്തമായി രൂപം കൊടുത്ത കൊച്ചിൻ ബോട്ട് ക്ളബ്ബിന്റെ നേതൃത്വത്തിൽ നെഹ്റു ട്രോഫി വളളം കളിമത്സരത്തിൽ പങ്കടുക്കുന്നതിന് 95 പേർ തുഴയുന്ന കരുവാറ്റ ചുണ്ടന്റെ പരിശീലനതുഴച്ചിൽ ചേപ്പനം-പനങ്ങാട് കായലിൽ ഏതാനും ദിവസമായി തുടരുകയായിരുന്നു.വിവിധ ജലോത്സവങ്ങളിൽ ഓടിവളളങ്ങളിലും,ചുണ്ടൻ വളളങ്ങളിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കരുത്ത്തെളിയിച്ച പ്രദേശത്തെ യുവാക്കൾ ഒത്തുചേർന്നു രൂപീകരിച്ച കൊച്ചിൻ ബോട്ടക്ളബ്ബിന്റെ ക്യാപ്റ്റനാകുവാനുളള സംഘാടകരുടെ അഭ്യർത്തന ജോസ് തോമസ് സ്വീകരിച്ചത് അണിയറശിൽപ്പികൾക്ക് കൂടുതൽ ആവേശവുമായി.

പ്രഖ്യാപനസമ്മേളനത്തിൽ ബോട്ട്ക്ളബ്ബ് പ്രസിഡന്റ് അഡ്വ:ജോളിജോൺ അദ്ധ്യക്ഷത വഹിച്ചു.പളളൂരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരൻ,കുമ്പളം പ‌ഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണി,വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ,സി.ടി.അനീഷ്,എം.ആർ.കുട്ടൻ,ഇ.എച്ച്.മുഹമ്മദ് സാദിഖ്,ചിത്രകാരൻ സുഗതൻ,ആർ.ഇ.സി.വേണു,മട്ടാഞ്ചേരി എ.ഇ.ഒ.വാഹിദ,സെക്രട്ടറി വി.ഒ.ജോണി തുടങ്ങിയവർപ്രസംഗിച്ചു.

ചേപ്പനം പനങ്ങാട് കായൽതീരങ്ങളിൽ ഉത്സവപ്രതീതി യുളവാക്കിനടന്ന പരിശീലനതുഴച്ചിലിന്റെ ഭാഗമായി പ്രദേശത്തെ നാടൻപാട്ടുകാർ അവതരിപ്പിച്ച വഞ്ചിപ്പാട്ടുകളും,സിനിമാഗാനാലാപനവും,കായൽതീരങ്ങളെ ആഘോഷത്തിലാറാടിച്ചു.ജലോത്സവം എന്നവിഷയത്തെ ആധാരമാക്കി കുട്ടികൾക്കായി ചിത്രരചനമത്സരവും നടന്നു.

#എറണാകുളം ജില്ലയിൽനിന്നും നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്ന ഏക വളളമാണ് കൊച്ചിൻ ബോട്ട് ക്ളബ്ബിന്റെ കരുവാറ്റ ശ്രീവിനായകൻചുണ്ടൻ എന്ന് സംഘാടകർ പറഞ്ഞു.