ആലുവ: പ്രളയംകഴിഞ്ഞ് ഒരു വർഷമായിട്ടും കിഴക്കേ കടുങ്ങല്ലൂർ എൽ.പി സ്കൂളിന്റെ ചുറ്റുമതിൽ പുനർനിർമ്മിച്ചില്ലെന്ന് പരാതി. വിദ്യാലയത്തിൻെറ ബോർഡ് നിലത്ത് വീണ് കിടക്കുകയാണ്. ഇത് പഴയപടിയാക്കാൻ വിദ്യാഭ്യാസ വകുപ്പിനോ പഞ്ചായത്ത് അധികൃതർക്കോ താത്പര്യമില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ പ്രളയകാലത്ത് കിഴക്കേ കടുങ്ങല്ലൂരിലെ ഈ വിദ്യാലയം ഏതാണ്ട് പൂർണമായി മുങ്ങി. അന്ന് ചുറ്റുമതിലും നിലംപതിച്ചു. കി. കടുങ്ങല്ലൂർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളും നടന്നിട്ടുമുണ്ട്. സർവ്വശിക്ഷ കേരളയുടെ ആലുവ റിസോഴ്‌സ് സെന്ററും ഈ വിദ്യാലയത്തിനകത്ത് പ്രവർത്തിക്കുന്നുണ്ട്.