വൈപ്പിൻ: അയ്യമ്പിള്ളി, കുഴുപ്പിള്ളി ശാഖകൾ വിഭജിച്ചത് റദാക്കി വീണ്ടും യോജിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഇരുപതാം വാർഷിക പൊതുയോഗം കേന്ദ്ര നേതൃത്വത്തോട് ശുപാർശ ചെയ്തു. എടവനക്കാട് ശ്രീനാരായണ ഭവനിലെ യൂണിയൻ ഹാള്ളിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് അവതരിപ്പിച്ച യൂണിയൻ, ശ്രീനാരായണ മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ട് , ശ്രീനാരായണ മരണാനന്തര സഹായനിധി, യൂണിയൻ ചിട്ടീസ് എന്നിവയുടെ വരവ് ചെലവ് കണക്കുകൾ പൊതുയോഗം അംഗീകരിച്ചു. ശാഖകളിൽ നിന്ന് യൂണിയൻ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പൊതുയോഗം അംഗീകാരം നൽകി. ഡയറക്ടർ ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.