കൊച്ചി :സി. പി. ഐ എം.എൽ.എ എൽദോയ്ക്കുൾപ്പെടെ പരിക്കേറ്റ പൊലീസ് ലാത്തിച്ചാർജ് അന്വേഷിച്ച എറണാകുളം ജില്ലാ കളക്‌ടർ എസ്. സുഹാസ് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ കണ്ണു നട്ടിരിക്കുകയാണ് പാർട്ടി സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ. സി. പി. ഐയെ മൊത്തത്തിൽ കുടുക്കിയ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കളക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജില്ലാ നേതൃത്വം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയാണ് ആവശ്യപ്പെടുന്നത്. എന്നാൽ പൊലീസ് നടപടിയെ പരസ്യമായി തള്ളിപ്പറയാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തയ്യാറായിട്ടില്ല. കളക്‌ടറുടെ റിപ്പോർട്ട് വരട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോർട്ട് എതിരായാൽ സ്വീകരിക്കേണ്ട നടപടി ആലോചിക്കാൻ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് ആഗസ്‌റ്റ് രണ്ടിന് ചേരും. അന്ന് തന്നെ സംസ്ഥാന എക്സിക്യൂട്ടിവും ചേരുന്നുണ്ട്.
സി.പി.ഐ സംസ്ഥാന നേതൃത്വവും ജില്ലാ ഘടകവും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നതയാണ് ലാത്തിയടിയിലൂടെ പുറത്തായത്.
പൊലീസിലും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിൽ എൽദോ എബ്രഹാം എം.എൽ.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പാണ് സി.പി.ഐ നേതാക്കൾ കളക്‌ടർക്ക് മൊഴി നൽകിയത്. അന്ന് എന്തു പറഞ്ഞുവെന്നത് നിർണായകമാണ്. അതുപോലെ കളക്‌ടറുടെ നിലപാടും. ആദ്യം ചികിത്സിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്‌ടറാണ് എല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞതെന്ന് നേതാക്കൾ പറയുന്നു. കൈയൊടിഞ്ഞെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അവർ വാദിക്കുന്നു.
രാജു ഒന്നാം പ്രതി, എൽദോ രണ്ട്
പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി സെൻട്രൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കെ.കെ. അഷറഫ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ, മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, ജില്ലാ പഞ്ചായത്തംഗവും എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയുമായ അസ്‌ലഫ് പാറേക്കാടൻ, ആൽബിൻ, സതീഷ്‌കുമാർ, ജോൺ മക്കാട്ട്, ടി.എസ്. സൻജിത്ത് എന്നിവരാണ് പ്രതികൾ. കണ്ടാലറിയാവുന്ന 800 പേർക്കെതിരെയും കേസെടുത്തു.
കളക്‌ടറുടെ അന്വേഷണം അട്ടിമറിക്കുന്നു
നേതാക്കൾക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത് കളക്ടറുടെ അന്വേഷണം അട്ടിമറിക്കാനുള്ള പൊലീസിന്റെ നീക്കമാണ്. കരുതിക്കൂട്ടിയുണ്ടാക്കിയ തെളിവുകൾ പൊലീസ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്നു. മജിസ്റ്റീരിയൽ അന്വേഷണം നടക്കുമ്പോൾ ഇത്തരം നടപടികളുടെ നിയമസാധുത പരിശോധിക്കപ്പെടണം. പൊലീസിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചന അന്വേഷിക്കണം. 800 പേർക്കെതിരെ കേസെടുത്തത് വിരോധമുള്ളവരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ്.
പി. രാജു,
സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി