കൂത്താട്ടുകുളം: മാർക്കറ്റിലെ തൊഴിലാളികളും കന്നുകാലി കച്ചവടക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരുമാസമായി മുടങ്ങിക്കിടന്ന കൂത്താട്ടുകുളത്തെ കാലിച്ചന്ത വീണ്ടും തുടങ്ങി. ഞായറാഴ്ചകളിൽ വൈകിട്ട് നാലുമുതൽ ആരംഭിക്കുന്ന മാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. മാർക്കറ്റിലെ മറ്റ് കച്ചവടക്കാർക്കും ടാക്‌സി ഓട്ടോ തൊഴിലാളികൾക്കും കാലിച്ചന്ത വളരെയധികം ഗുണം ചെയ്തിരുന്നു.
കച്ചവടക്കാരും യൂണിയർ പ്രതിനിധികളും നഗരസഭാ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പരിഹാരമുണ്ടായത്. ചന്തയിൽ ഇന്നലെ നൂറുകണക്കിന് ആടുമാടുകളെ കച്ചവടത്തിനായി എത്തിച്ചു . നഗരസഭ ചെയർമാൻ റോയി എബ്രാഹം, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, മാർക്കറ്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് എം.ആർ. സുരേന്ദ്രനാഥ്, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ ഫെബീഷ് ജോർജ് തുടങ്ങിയവർ മാർക്കറ്റിലെത്തി കന്നുകാലി കർഷകരും തൊഴിലാളികളുമായി സംസാരിച്ച് മാർക്കറ്റിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ചന്തയുടെ പ്രവർത്തനം ശനിയാഴ്ചകളിലേക്ക് മാറ്റണമെന്ന കച്ചവടക്കാരുടെ ആവശ്യം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.