കൊച്ചി : വൈറ്റില മേല്പാലം നിർമ്മാണത്തിലെ അപാകതയിൽ കരാറുകാരെ സംരക്ഷിക്കുകയും അഴിമതി കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് പറഞ്ഞു.
മേല്പാലം നിർമ്മാണത്തിൽ തകരാറില്ലെന്ന് വാദിച്ച് അഴിമതിയെ വെള്ളപൂശാൻ ശ്രമിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ആത്മവീര്യം നശിപ്പിക്കുകയാണ്.
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് കവലപ്രസംഗം നടത്തുന്ന സുധാകരന്റെ തനിനിറമാണ് പുറത്തുവന്നത്. പാലം പണിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനീയർ നിർമ്മാണ സ്ഥലത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന ഗുണനിലവാര സമിതിയുടെ പരിശോധനാ റിപ്പോർട്ട് പരിഗണിക്കുക പോലും ചെയ്യാത്ത മന്ത്രി വകുപ്പിലെ വിജിലൻസിന്റെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ കോൺഗ്രസ് സമരം നടത്തുമെന്നും ടി.ജെ. വിനോദ് പറഞ്ഞു