കൊച്ചി : ആൾക്കൂട്ട കൊലപാതകങ്ങൾക്കിടയിൽ ജയ് ശ്രീറാം മന്ത്രണത്തെ വലിച്ചിഴയ്‌ക്കരുതെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചവരെ അപമാനിക്കുന്ന നടപടി അവസാനിപ്പിക്കാൻ പാർട്ടി പ്രവർത്തകരോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

ആക്രമണങ്ങൾ അപലപനീയവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പ്രതികരിച്ചത് സ്വാഗതം ചെയ്യുന്നു. കത്തിൽ ഒപ്പിട്ട രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 49 പേരും ആക്രമിക്കപ്പെടുമെന്നത് അമ്പരപ്പിച്ചു. കത്തിൽ ഒപ്പിട്ട പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേയ്ക്കു പോകാനാണ് പ്രധാനമന്ത്രിയുടെ പാർട്ടി നേതാവ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്കൊപ്പം സംഭവത്തെ അപലപിക്കുകയും പ്രാകൃതമായ നടപടിക്കു നേരെ വിരൽ ചൂണ്ടുകയും ചെയ്യുന്നവർക്കെതിരെ ബി.ജെ.പി നേതാക്കൾ തന്നെ തിരിയുന്നത് ആശ്ചര്യജനകമാണ്.എം.പി കത്തിൽ പറയുന്നു.