പെരുമ്പാവൂർ: കൂവപ്പടിയിൽ ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയത് ഒരു സി.പി.എം നേതാവിന്റെ കാർ ഡ്രൈവറും രണ്ട് വീട്ടമ്മമാരുമെന്ന് സൂചന. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായവരുടെ കുറ്റസമ്മതത്തിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കേസിൽ കഴിഞ്ഞ ദിവസം സി.ഐ.ടി.യു തൊഴിലാളികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നു. ഓടയ്ക്കാലി ഏക്കുന്നം ഈരങ്കുഴി വീട്ടിൽ പള്ളിയാന്റെ മകൻ ബിജു (44), ഏക്കുന്നം പുറഞ്ചിറ വീട്ടിൽ കുഞ്ഞോലിന്റെ മകൻ ബിജു (41), റയോൺപുരം പടയാട്ടിൽ വീട്ടിൽ കുര്യാക്കോസിന്റെ മകൻ മലപ്പുറം ബാബു എന്ന് വിളിക്കുന്ന എൽദോസ് (47), ഓടയ്ക്കാലി ഉദയകവല നമ്പേലിൽ വീട്ടിൽ കുഞ്ഞപ്പന്റെ മകൻ ഷാജി (36) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
കൃത്യം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ക്വട്ടേഷൻ നൽകിയവർ കാറിൽ സംഭവം വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഇതോടെ കേസിൽ ഗൂഢാലോചന കുറ്റവും ചുമത്താനാണ് പൊലീസ് നീക്കം. ഇക്കഴിഞ്ഞ മെയ് 29നാണ് ടൂവീലറിൽ പോകവേ അയ്മുറിയിൽ വച്ച് ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ബിജുവിന്റെ ഇരു കൈകാലുകളും ഒടിയുകയും നട്ടെല്ല് തകരുകയും ചെയ്തിരുന്നു. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതേത്തുടർന്ന് ഇയാൾ ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുക്കാൻ മടി കാണിച്ചതിനെത്തുടർന്ന് കേരളാ സ്‌റ്റേറ്റ് ഹരിജൻ സമാജം രംഗത്തെത്തുകയും പെരുമ്പാവൂർ ഡിവൈ.എസ്.പി ഓഫീസ് ഉപരോധം വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഘം ചേരൽ, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ, പട്ടികജാതി അക്രമനിരോധന നിയമം, ഗൂഢാലോചന, ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്താത്തതിനെതിരെ ഹരിജൻ സമാജം പ്രതിഷേധവുമായി രംഗത്തുണ്ട്. ദളിത് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യം ചെയ്യാനുളള കാരണം എന്താണെന്ന് ഇപ്പോഴും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.