കൊച്ചി : രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാൻ കൊച്ചി കാൻസർ സെന്ററും എറണാകുളം ജനറൽ ആശുപത്രിയുമായി സഹകരണം വർദ്ധിപ്പിക്കുമെന്ന് ഔദ്യോഗിക ഉറപ്പ് . 2020 ൽ കൊച്ചി കാൻസർ സെന്റർ പൂർണസജ്ജമാകുന്നത് വരെ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ തെറാപ്പി ചികിത്സ നൽകും.
കാൻസർ സെന്ററിലെ രോഗികൾക്ക് ജനറൽ ആശുപത്രിയിൽ റേഡിയേഷൻ തെറാപ്പിക്ക് സൗകര്യം നൽകുന്നുണ്ടെന്ന് കൊച്ചി കാൻസർ സെന്റർ ഡയറക്ടർ മോനി എബ്രഹാം കുര്യാക്കോസ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്ക് അയച്ച കത്തിൽ പറയുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികൾ ഇക്കാര്യത്തിൽവിവിധ വകുപ്പുകളുടെ ശ്രദ്ധ ക്ഷണിച്ച് കത്ത് അയച്ചിരുന്നു. തുടർന്നാണ് രാജൻ ഖോബ്രഗഡെ വിശദീകരണം തേടിയത്.
50 കോടിയുടെ റേഡിയേഷൻ ഉപകരണങ്ങൾ വാങ്ങും
കാൻസർ സെന്ററിലേക്ക് 50 കോടിയുടെ റേഡിയേഷൻ ഉപകരണങ്ങൾ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ഡയറക്ടർ വ്യക്തമാക്കി.കളമശേരിയിൽ പ്രവർത്തിക്കുന്ന കാൻസർ സെന്ററിൽ നിലവിൽ രണ്ട് റേഡിയേഷൻ ഓങ്കോളജിസ്റ്റുകളുണ്ടെങ്കിലും ഉപകരണങ്ങളില്ല. കീമോതെറാപ്പി സൗകര്യങ്ങൾ ലഭ്യമാണ്. എറണാകുളം മെഡിക്കൽ കോളേജുമായി ധാരണാപത്രം ഉണ്ടാക്കിയാണ് കൊച്ചി കാൻസർ സെന്ററിലെ രോഗികൾക്ക് ശസ്ത്രക്രിയ നടത്തുന്നത്. ജനറൽ ആശുപത്രിയിൽ റേഡിയേഷനായി മുൻഗണന സൗകര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം. ഒരു ദിവസമോ അല്ലെങ്കിൽ ദിവസത്തിൽ നിശ്ചിതസമയമോ കൊച്ചി കാൻസർ സെന്ററിലെ രോഗികൾക്കായി മാറ്റി വയ്ക്കണം.
കിടത്തിചികിത്സ വൈകും
അതേസമയം കാൻസർ സെന്ററിൽ കിടത്തിചികിത്സ വൈകുകയാണ്. ജൂലായ് 31ന് ആറുകിടക്കകളിൽ കിടത്തി ചികിത്സ ആരംഭിക്കാനാവുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കൽ പരീക്ഷണം വിജയിച്ചില്ല. മൂന്ന് തവണ തുടർച്ചയായി നെഗറ്റീവ് വന്നാൽ മാത്രമേ ടെസ്റ്റ് വിജയിക്കൂ. രണ്ടു തവണ നെഗറ്റീവ് റിസൾട്ട് വന്നെങ്കിലും മൂന്നാമത് പോസറ്റീവ് കാണിച്ചു. മൂന്ന് തവണ നെഗറ്റീവ് റിസൾട്ട് നേടി അടുത്ത മാസം ആദ്യത്തോടെ കിടത്തി ചികിത്സ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജനറൽ ആശുപത്രിയിലെ റേഡിയേഷൻ സൗകര്യം
ലീനിയർ ആക്സിലേറ്റർ
റേഡിയോതെറാപ്പി വിഭാഗം
റേഡിയേഷൻ ഫിസിസ്റ്റുകൾ
രണ്ട് ടെക്നീഷ്യന്മാർ
"നിലവിൽ ധാരണാപത്രമില്ലാതെയാണ് രോഗികളെ ജനറൽ ആശുപത്രിയിലേക്ക് അയക്കുന്നത്. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാൽ ധാരണാപത്രം ഒപ്പുവയ്ക്കാം. എന്നാൽ, രണ്ട് സർക്കാർ ആശുപത്രികൾ തമ്മിൽ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല"
മോനി എബ്രഹാം കുര്യാക്കോസ് ,ഡയറക്ടർ കൊച്ചി കാൻസർ സെന്റർ