ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകൾ നാളെ ഇറങ്ങും
കെ.കെ. രത്‌നൻ
വൈപ്പിൻ: പണികഴിഞ്ഞ ബോട്ടുകളിൽ വലകൾ കയറ്റിത്തുടങ്ങി. ട്രോളിംഗ് നിരോധനത്തിന്റെ 52ദിവസങ്ങൾക്ക് ശേഷം ബോട്ടുകൾ നാളെ രാത്രി 12ന് വീണ്ടും കടലിലിറങ്ങുന്നു. പ്ലാന്റുകളിൽ നിന്ന് ഐസ് ബോക്‌സുകൾ കയറ്റാനുള്ള തിരക്കിലായിരിക്കും ഇനിയുള്ളമണിക്കൂറുകൾ. സംസ്ഥാനത്തിലെ പ്രധാന മത്സ്യവ്യവസായ കേന്ദ്രങ്ങളിലൊന്നായ മുനമ്പത്തുനിന്ന് 450 ഫിഷിംഗ് ബോട്ടുകളാണ് കടലിലിറങ്ങാൻ തയ്യാറെടുക്കുന്നത്. കൂടാതെ അറ്റകുറ്റപ്പണിക്കായി ബേപ്പൂരിൽ നിന്ന് മുനമ്പത്ത് വന്നിരിക്കുന്ന അമ്പതോളം ബോട്ടുകളും പണി കഴിഞ്ഞ് ആദ്യം ഇറങ്ങുന്നതും മുനമ്പത്ത് നിന്നാണ്. വൈപ്പിൻ ഹാർബറിൽ നിന്ന് 300 ബോട്ടുകൾകടലിലേക്ക്.
ഒട്ടേറെ മറൈൻ എൻജിനീയറിംഗ് വർക്കുഷോപ്പുകൾ, ബോട്ട്‌യാഡുകൾ, ഐസ് പ്ലാന്റുകൾ എന്നിവ മുനമ്പത്തുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അവസാനത്തോടടുക്കുകയാണ്. പകലും രാത്രിയിലും ഇടതടവില്ലാതെയാണ് ജോലി .
ബോട്ടുകളിൽ പണിക്ക് പോകുന്ന നാട്ടുകാരുടെ എണ്ണം കുറവാണ്. ഒരു ബോട്ടിൽ ഒന്നോ രണ്ടോ നാട്ടുകാർ മാത്രമായിരിക്കും. കൂടുതലും അന്യസംസ്ഥാനത്തൊഴിലാളികളാണ്. മുമ്പ് തമിഴരായ കുളച്ചാൽകാർ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ബംഗാൾ, ബീഹാർ, അസം, യു.പി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധാരാളമാണ്. ഇവരെല്ലാം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി മുനമ്പത്തും മാല്യങ്കര, കുഞ്ഞിത്തൈ എന്നിവിടങ്ങളിലും മടങ്ങിയെത്തി.
മുൻകാലങ്ങളിൽ ട്രോളിംഗ് നിരോധന കാലത്ത് കടലിൽ പോകുന്ന വള്ളങ്ങൾക്ക് ധാരാളം മത്സ്യം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. മത്സ്യസമ്പത്തിന്റെ കുറവ് ബാധിക്കുമോ എന്ന ആശങ്കയിലാണ് ബോട്ടുടമകളും തൊഴിലാളികളും.ഡീസലിന്റെ വില വർദ്ധനവും ആശങ്കകളെ കൂടുതൽ കനപ്പിക്കുന്നു. ബോട്ടുകളുടെ ലൈസൻസ് ഫീസിലെ വർദ്ധനവും ബോട്ടുടമകളുടെ സ്വൈരം കെടുത്തുന്നു. ലൈസൻസ് ഫീസ് 2500 രൂപയിൽ നിന്ന് 50,000 രൂപയിലേക്കാണ് വർദ്ധനവ്. വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമകളുടെ സംഘടനകൾ പലവട്ടം ഫിഷറീസ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നുവെങ്കിലും തീരുമാനമായിട്ടില്ല. പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് കടലിലേക്ക് നാളെ അർദ്ധരാത്രിയിറങ്ങുന്നവർക്ക് ഒരൊറ്റ പ്രാർത്ഥനമാത്രമേയുളളൂ. ബോട്ടുകൾ നിറയെ മീൻ തന്ന് കടലമ്മ കനിയണമേ
ബോട്ടുകളിൽ കൂടുതലും അന്യസംസ്ഥാനത്തൊഴിലാളികൾ
കടലിൽ മത്സ്യങ്ങളുടെ കുറവിൽ ആശങ്ക
ലൈസൻസ് ഫീസ് 2500 50,000