തൃക്കാക്കര : തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള കേസുകളെടുക്കാത്തത് സർക്കാർ ഗൗരവമായി കാണുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. സിവിൽസ്റ്റേഷൻ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസിസ്റ്റന്റ് ലേബർ ഓഫീസർമാർ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങൾ വിവിധ തൊഴിൽ നിയമങ്ങളനുസരിച്ച് രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കണം. സമയപരിധി നിശ്ചയിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. സംസ്ഥാനത്തെ എല്ലാ ടാക്സി, ഗുഡ്സ് വാഹനങ്ങൾ അടക്കമുള്ളവയും മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. മേലുദ്യോഗസ്ഥർ അവരുടെ പരിധിയിൽ എത്ര പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരും സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെത്തുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള പൂർണ ചുമതല തൊഴിൽ വകുപ്പിന് മാത്രമാണെന്ന് വ്യക്തമാക്കിയ മന്ത്രി കാലപരിധി നിശ്ചയിച്ച് ആവാസ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശിച്ചു. അവലോകനയോഗത്തിൽ ലേബർ കമ്മീഷണർ സി.വി. സജൻ, അഡീഷണൽ ലേബർ കമ്മീഷണർമാരായ ബിച്ചു ബാലൻ, രഞ്ജിത്ത് മനോഹർ, തുളസീധരൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.എം. ഫിറോസ്, വിവിധ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.