#മരടിലെ ഫ്ലാറ്റ് പൊ​ളി​ച്ച് നീക്കാനുള്ള വിധി

കൊച്ചി: തീരദേശ മേഖലാചട്ടം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി ഉത്തരവിട്ട മരട് മുനിസിപ്പാലിറ്റിയിലെ ഫ്ളാറ്റുടമകൾ പ്രത്യക്ഷ സമരത്തിലേയ്ക്ക്. വില കൊടുത്തു വാങ്ങിയ ഫ്ളാറ്റുകളിൽ നിന്ന് ഇറങ്ങിപ്പോകില്ലെന്ന് ഉടമകൾ വ്യക്തമാക്കി. പൊളിക്കൽ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനെക്കൊണ്ട് ഓർഡിനൻസ് ഇറക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു.

ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധി തങ്ങളുടെ വാദം കേട്ടില്ലെന്ന് ഫ്ളാറ്റുടമകൾ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന മൗലികാവശ്യങ്ങൾപോലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. സമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, ഭാരവാഹികളായ സി.എം.വർഗീസ് ,ജോർജ് പോൾ എന്നിവർ കൊച്ചിയിലെ വാത്താസമ്മേളനത്തിൽ പങ്കെടുത്തു.

#ക്യുറേറ്റീവ് പെറ്റിഷൻ നൽകും

തങ്ങളുടേതല്ലാത്ത തെറ്റിന് താമസക്കാരായ 178 പേർ ഉൾപ്പെടെ 350 ഉടമകൾ പെരുവഴിയിലാകും. സുപ്രീം കോടതിയിൽ അടുത്തയാഴ്ച ക്യൂറേറ്റീവ് പെറ്റീഷൻ നൽകും ജസ്റ്റിസുമാരായ അരുൺ മിശ്രയും നവീൻ സിൻഹയും ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മറ്റ് മൂന്ന് ജഡ്‌ജിമാർ ഉൾക്കൊള്ളുന്ന അഞ്ചംഗ ബഞ്ച് ഇതിൽ വാദം കേട്ടാലും വിധി തങ്ങൾക്കനുകൂലമാവുമെന്ന് കരുതുന്നില്ല.

#ഇന്ന് ധർണ നടത്തും

ഇന്ന് മരട് നഗരസഭ ഒഫീസിനു മുന്നിൽ രാവിലെ 10 ന് മരട് ഭവന സംരക്ഷണ സമിതി ധർണ നടത്തും. മുൻ എം.പി.ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എം. സ്വരാജ് എം.എൽ.എ., മൻമന്ത്രി കെ. ബാബു, ജസ്റ്റിൻ കരിപ്പേറ്റ എന്നിവർ പ്രസംഗിക്കും.

#കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കണം

സംസ്ഥാന സർക്കാർ ഫ്ളാറ്റുടമകളുടെ പ്രയാസങ്ങൾ സോളിസിറ്റർ ജനറലിനെയും, അഡ്വക്കേറ്റ് ജനറലിനെയും ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കണമെന്നും സംസ്ഥാന നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസാക്കണമെന്നും ഉടമകൾ പറഞ്ഞു.

ഫ്ളാറ്റുടമകൾ : 350

താമസക്കാർ : 178

# പൊളിക്കേണ്ട ഫ്ളാറ്റുകൾ

ആൽഫ സെറൈൻ,

ജയിൻ ഹൗസിംഗ്

ഹോളി ഫെയ്‌ത്ത്,

ഗോൾഡൻ കായലോരം