കൊച്ചി : നെടുങ്കണ്ടം പൊലീസ് സ്റ്രേഷനിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്തതിന്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ ഭാര്യ വിജയയും മക്കളും നൽകിയ ഹർജിയിലാണിത്. ഹർജി സിംഗിൾ ബെഞ്ച് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്. ജൂൺ 12 മുതൽ 16 വരെ രാജ്കുമാറിനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് ഹർജിയിലെ ആരോപണം. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഹർജിക്കാർക്ക് ഒാരോ കോടി രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.