കൊച്ചി : സാമ്പത്തിക തട്ടിപ്പു കേസിൽ നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതടക്കമുള്ള നടപടികൾ ഇടുക്കി എസ്.പിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും നിർദ്ദേശമനുസരിച്ചാണെന്ന് കേസിലെ ഒന്നാം പ്രതിയായ എസ്.ഐ കെ.എ. സാബുവിന്റെ ജാമ്യഹർജിയിൽ പറയുന്നു.
ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ, രാജ്കുമാറിനെ മർദ്ദിച്ചതും ഇവർ പറഞ്ഞിട്ടാണോയെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. എന്നാൽ രാജ്കുമാറിനെ പീഡിപ്പിച്ചിട്ടില്ലെന്നും മൂന്നു ഡോക്ടർമാർ പരിശോധിച്ച് പരിക്കുകളില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വ്യക്തമാക്കി. റിമാൻഡ് ചെയ്ത് മൂന്ന് നാലു ദിവസങ്ങൾ കഴിഞ്ഞാണ് രാജ്കുമാർ മരിച്ചതെന്നും വിശദീകരിച്ചു. എന്നാൽ രാജ്കുമാറിന്റെ ശരീരത്തിൽ ഒടിവുകളുണ്ടായിരുന്നെന്നും ആരാണ് മർദ്ദിച്ചതെന്നും സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. സാബുവിന്റെ ഹർജി, സർക്കാരിന്റെ വിശദീകരണം തേടി പിന്നീടു പരിഗണിക്കാൻ മാറ്റി.
നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്. പൊലീസ് മർദ്ദനത്തെത്തുടർന്നാണ് മരണമെന്ന് വിലയിരുത്തി പീരുമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ എസ്.ഐ സാബുവിനെ . ജൂലായ് മൂന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും താൻ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സാബുവിന്റെ ഹർജിയിലെ വാദം. . സേർച്ചിന്റെ വിവരങ്ങളും മറ്റും യഥാസമയം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഹർജിയിൽ പറയുന്നു.