കൊച്ചി : ലോക് സഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്ന രണ്ട് ആംഗ്ലോ ഇന്ത്യൻ എം.പിമാരിൽ ഒരാളെ കേരളത്തിൽ നിന്നാകണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) സംഘടിപ്പിച്ച ആംഗ്ലോ ഇന്ത്യൻ സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ ഒന്നേകാൽ ലക്ഷം ആംഗ്ലോ ഇന്ത്യൻ സമുദായ അംഗങ്ങളുണ്ട്. ഗോവയിലൊഴിച്ച് മറ്റൊരിടത്തും ഇത്രയധികം ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളില്ല. കേരളത്തിലെ ആംഗ്ലോ ഇന്ത്യക്കാരുടെ സാമൂഹിക ജീവിതാവസ്ഥ ദുർബലമായതും പരിഗണക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം പ്രധാനമന്ത്രിയോടും എൻ.ഡി.എ നേതൃത്വത്തോടും ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ പ്രസിഡന്റ് ഡെൽവിൻ ഡിക്കൂഞ്ഞ, ജനറൽ സെക്രട്ടറി മാർഷൽ ഡിക്കൂഞ്ഞ, ഓൾ കേരള ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗിൽബർട്ട് വാസ്, ആൻഡ്രു പൊൻസേക, സ്റ്റാൻലി ഗോൺസാൽവസ് എന്നിവർ പങ്കെടുത്തു.