കൊച്ചി : ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് ദക്ഷിണേന്ത്യയിലെ തോട്ടങ്ങളെന്ന് യുണൈറ്റഡ് പ്ളാന്റേഴ്സ് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യ (ഉപാസി). തോട്ടം മേഖലയുടെ നിലനില്പിന് സർക്കാർ സഹായവും പിന്തുണയും അനിവാര്യമാണെന്ന് പ്രസിഡന്റ് എ.ഇ. ജോസഫ് പറഞ്ഞു.
ആയിരക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നൽകുന്ന തോട്ടം മേഖല വർദ്ധിച്ചുവരുന്ന ചെലവും വിളകളുടെ വിലയിടിവും മൂലം വലയുകയാണ്.
കാപ്പി, തേയില, റബർ തുടങ്ങിയ വിളകൾക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. ആഗോളവിപണിയിൽ വിലകൾ നിശ്ചയിക്കുന്നത് ഇറക്കുമതിക്കാരും ആവശ്യകതയും അനുസരിച്ചാണ്. സുസ്ഥിരവിളകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വൻകിട ഇറക്കുമതിക്കാരും മറ്റും നിർബന്ധമാക്കി. അതനുസരിച്ചുള്ള വില പലപ്പോഴും ലഭിക്കുന്നില്ല. 1995 മുതൽ മറ്റു വിളകൾക്കുണ്ടായ വില വർദ്ധനവ് തോട്ടം വിളകൾക്ക് ലഭിച്ചിട്ടില്ല.
തോട്ടം മേഖലയിൽ ഉത്പാദനച്ചെലവിന്റെ പകുതിയും തൊഴിലാളികളുടെ വേതനത്തിനാണ് വിനിയോഗിക്കുന്നത്. തേയില തൊഴിലാളികളുടെ വേതനം 1995 മുതൽ 7.69 ഉം കാപ്പി തൊഴിലാളികളുടെ 9.72 തവണയും റബറിന് 8.2 വീതം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഉത്പാദനക്ഷമതയിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ തോട്ടങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.