ആലുവ: എടയപ്പുറത്തെ വിവാദ കാർബൺ കമ്പനിക്ക് പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്ന് സി.പി.എമ്മിൽ ഭിന്നത. പാർട്ടി ലോക്കൽ സെക്രട്ടറി കെ.എ. ബഷീറിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥാപനത്തിനെതിരെ പാർട്ടി അംഗം കൂടിയായ വാർഡ് മെമ്പർ കാജ മൂസയുടെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചത്.
കമ്പനിക്ക് യന്ത്രംസ്ഥാപിക്കുന്നതിന് എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് അനുമതി നൽകിയ സാഹചര്യത്തിൽ അടിയന്തിരമായി ബ്രാഞ്ച് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി അംഗങ്ങൾ രംഗത്തെത്തി. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് ഇവരുടെ നിലപാട്. വിഷയത്തിൽ നേരത്തെ ബ്രാഞ്ച് - ലോക്കൽ കമ്മിറ്റികളിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് കെ.എ. ബഷീർ കൂടി അംഗമായ ഏരിയ കമ്മിറ്റിക്ക് വിടുകയായിരുന്നു. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങൾ കേട്ടു. പിന്നീട് കമ്പനി നേരിൽ സന്ദശിച്ചതിനും ശേഷമാണ് ഉപാധികളോടെ ലൈസൻസ് നൽകാമെന്ന നിലപാടെടുത്തത്. തുടർന്ന് പഞ്ചായത്ത് പാർലമെന്ററി പാർട്ടിയിൽ തീരുമാനം റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഏരിയ കമ്മിറ്റി വിഷയത്തിൽ കമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്തെങ്കിലും എതിരായ നിലപാട് സ്വീകരിച്ചവർ ഇപ്പോഴും അതേ നിലപാടിൽ തന്നെയാണ്. കാജ മൂസ ഒഴികെയുള്ളവർ പരസ്യമായി രംഗത്തെത്തിയില്ലെന്ന് മാത്രം. കമ്പനി ആരംഭിച്ച ശേഷം മലിനീകരണമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ പാർട്ടി തന്നെ പൂട്ടിക്കുമെന്ന മുന്നറിയിപ്പ് നൽകിയെന്ന് പറയുന്നു.