photo
കൊച്ചിയിലുള്ള സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഓഫീസിൽ നിന്നും വിധികേട്ടശേഷം തിരിച്ചുപോകുന്ന മുൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി. ജേക്കബ് തോമസ്

കൊച്ചി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ സസ്പെൻഷൻ ജൂൺ 18ന് ആറു മാസത്തേക്ക് നീട്ടിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ‌ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. റാങ്കനുസരിച്ച് ഉചിതമായ പദവിയിൽ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണം. പൊലീസിലോ അനുബന്ധ ശാഖകളിലോ നിയമനം നൽകാനാവില്ലെങ്കിൽ തുല്യറാങ്കിൽ മറ്റു പദവിയിൽ നിയമിക്കാമെന്നും സി.എ.ടി അഡ്മിനിസ്ട്രേറ്റീവ് അംഗം ഇ.കെ. ഭരത്‌ഭൂഷൺ, ജുഡിഷ്യൽ അംഗം ആശിഷ് കാലിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഒാഖി ദുരന്തത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിൽ 2017 ഡിസംബർ 19ന് ജേക്കബ് തോമസിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജി സി.എ.ടി പരിഗണിച്ചിരുന്നു. പിന്നീടാണ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള സസ്പെൻഷൻ. ഇതിന്റെ കാലാവധി ആറുമാസം പൂർത്തിയായപ്പോൾ സസ്പെൻഷൻ വീണ്ടും നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ അഴിമതി നടന്നെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്. എന്നാൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇൗ കേസ് പരിഗണിച്ച് കഴമ്പില്ലെന്ന് കണ്ടതാണെന്നും എന്നിട്ടും സസ്പെൻഷൻ നീട്ടിയത് ജുഡിഷ്യൽ തീരുമാനത്തെ വെല്ലുവിളിച്ചാണെന്നും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സി.എ.ടിയിൽ ഹർജി നൽകുകയായിരുന്നു.

സി.എ.ടിയുടെ നിരീക്ഷണങ്ങൾ

1. ഡ്രഡ്‌ജർ ആരോപണത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട രേഖകൾ വിജിലൻസിന്റെയും ധനകാര്യ വിഭാഗത്തിന്റെയും കൈകളിലെത്തിക്കഴിഞ്ഞു. അതിനാൽ ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാദ്ധ്യത വിരളമാണ്.

2. സത്യം കണ്ടെത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ സസ്പെൻഷൻ കാലാവധി നീട്ടേണ്ട ആവശ്യമില്ല. സസ്പെൻഷൻ ശിക്ഷയായി മാറരുത്.

3. നീതിയുക്തമായി സസ്പെൻഡ് ചെയ്യുന്നതും ദ്രോഹിക്കാൻ സസ്പെൻഡ് ചെയ്യുന്നതും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. ജേക്കബ് തോമസിനെ 2017 ഡിസംബർ 19 മുതൽ സർവീസിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയാണ്. ഇനി ഒരു വർഷത്തെ സർവീസ് മാത്രമാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്.