തൃക്കാക്കര : വാഴക്കാല വില്ലേജിൽ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് കൊച്ചി മെട്രോ പദ്ധതിയിലുൾപ്പെട്ട സ്ഥലത്തിന്റെ ഫെൻസിംഗ് പ്രവർത്തികൾ നാളെ തുടങ്ങും. ലെഷർ സിറ്റി പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് കൊച്ചി മെട്രോയ്ക്ക് കൈമാറിയ സ്ഥലത്തിന്റെ ഫെൻസിങ്ങാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേർന്നു.മെയിൻ റോഡും കിഴക്കേക്കര റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നാലടി വീതിയിൽ നടപ്പാത നിർമിക്കാൻ സ്ഥലം നൽകും. നിലവിലെ മൈതാനത്തിന്റെ തെക്കുവശത്ത് എൻ.ജി.ഒ ക്വാർട്ടേഴ്സിന്റെ ഭാഗത്തെ റോഡിനോടു ചേർന്ന ഭാഗത്ത് വേലികെട്ടും. മൈതാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന കാര്യം പരിഗണിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കുള്ള വഴിസൗകര്യം ഇപ്പോഴുള്ളതുപോലെ തുടരാനും യോഗത്തിൽ തീരുമാനമായി.പി.ടി.തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ കെ.ടി.എൽദോ, കൗൺസിലർമാരായ ജിജോ ചിങ്ങന്തറ, സീന റഹ്മാൻ, എം.എം.നാസർ, സെക്രട്ടറി പി.എസ്.ഷിബു, പി.വി.ഫ്രാൻസിസ് ഗ്രിഗറി, കെ.എ. സെയ്ദ് മുഹമ്മദ്, കെ.കെ.അൻവർ, റ്റി.ജെ. പ്രിൻസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.